അബുദാബി: ഗൃഹാതുരമായ പ്രവാസി മനസില്‍ ഗ്രാമീണ പശ്ചാത്തലമുണ്ടാക്കി മണ്മറഞ്ഞു പോകുന്ന നാടന്‍ കലകളെ ഉള്‍പ്പെടുത്തി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഒരുക്കിയ ഓണാഘോഷം ആയിരക്കണക്കിനാളുകള്‍ നിറഞ്ഞ മനസോടെ നെഞ്ചിലേറ്റുകയായിരുന്നു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നാടന്‍ കലകളുമൊരുക്കി തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ആഘോഷമൊരുക്കിയപ്പോള് പ്രവാസികള്‍ക്ക് തീര്‍ത്തും അത് വേറിട്ട നേര്‍ക്കാഴ്ചകളായിരുന്നു.
പൂക്കള മത്സരത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ പ്രമുഖ മാധ്യമപ്രവര് ത്തകനും എഴുത്തുകാരനുമായ ഡോ. കെ. പി. മോഹനന് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഓണം കഴിഞ്ഞാലും പ്രവാസികള്‍ക്ക് മാസങ്ങളോളം ഓണമാഘോഷിക്കാന്‍ കഴിയുന്നത് പിറന്ന മണ്ണിനോടുള്ള സ്നേഹം കൊണ്ടാണെന്നും മലയാളത്തില്‍ ഓണം മരിച്ചാലും പ്രവാസികള്‍ ഉള്ളിടത്തോളം മാവേലിയും ഓണവും ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെന്റര്‍ പ്രസിഡന്റ് എം.യു. വാസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, യുഎഇ
എക്സ്ചേഞ്ച് സോണല്‍ ഹെഡ് അലക്സ് കരുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അബുദാബി ശക്തി തിയറ്റേഴ്സിലെ ഇരുപത്തഞ്ചോളം കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച ചെണ്ടമേളത്തോടെ പൂത്താലമേന്തിയ കുട്ടികളും സ്ത്രീകളും ചേര്‍ന്ന് മാവേലിയെ വരവേറ്റു.
കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട കാളകളി, സെന്റര്‍ വനിതാവിഭാഗം അവതരി പ്പിച്ച കൈകൊട്ടിക്കളി, സുകുമാരന്‍ കണ്ണൂരും സംഘവും ഒരുക്കിയ കോതാമൂരി, തൃശൂര്‍ ജില്ലയില്‍ തിരുവോണദിവസം വീടുകള്‍ തോറും കയറി ഇറങ്ങാറുള്ള അഭിലാഷും സംഘവും അവതരിപ്പിച്ച കുമ്മാട്ടികളി, പുലികളി, ഓണപാട്ടുകള്‍, ആറന്മുള വള്ളംകളിയിലെ തുഴക്കാരനായ പുരുഷോത്തമന് നെടുമ്പ്രയാറും സംഘവും അവതരിപ്പിച്ച വഞ്ചിപാട്ട്, ദുബായ് മേളം ഒരുക്കിയ കണ്ണിയാര്‍കളി, മധു പരവൂരും സംഘവും അവതരിപ്പിച്ച വട്ടംകളി, ഉറിയടി, കവുങ്ങ് കയറ്റം, തുമ്പിതുള്ളല്‍ എന്നിവയെല്ലാം ചേര്‍ന്ന് വൈവിധ്യങ്ങളുടെ ആഘോഷമായി സെന്റര്‍ ഓണാഘോഷം മാറുകയായിരുന്നു.
ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കിയ ഉറിയടി മത്സരത്തില്‍ ഷാജഹാര്‍ വിജയിയായി. അമീര്‍ കലാഭവനും സംഘവും നയിച്ച ഘാഷയാത്രയോടുകൂടിയാണ് ഒരു രാവും പകലും നീണ്ടുനിന്ന ആഘോഷപരിപാടികള്‍ക്ക് തിരശീല വീണത്.
പൂക്കള മത്സരം: അനുഷ്മയും നൌറീനയും നയിച്ച ടീമുകള്‍ ജേതാക്കള്‍
അബുദാബി: ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും വനിതകള്‍ക്കുമായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ വനിതകളുടെ വിഭാഗത്തില്‍ അനുഷ്മ ബാലകൃഷ്ണന്, അനുപമ ബാലകൃഷ്ണന്, ദേവിക ലാല്‍ എന്നിവര്‍ പങ്കെടുത്ത ടീമും കുട്ടികളുടെ വിഭാഗ ത്തില്‍ നൌറീന നൌഷാദ്, ഊര്‍മിള ബാലചന്ദ്രന്, നിമ മനോജ് എന്നിവര്‍ പങ്കെടുത്ത ടീമും ഒന്നാം സമ്മാനത്തിനര്‍ഹരായി.
ഇന്ത്യന്‍ അംബാസഡറുടെ പത്നി ദീപ സീതാറാം, രാജാ ബാലകൃഷ്ണന്, സദാനന്ദന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
വനിതാവിഭാഗത്തില്‍ സായിദ മെഹബൂബ്, രജിത വിജയന്, ഹേമ അരുണ്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടിയപ്പോള്‍ സ്മിത ധനേഷ്കുമാര്‍, റൂഷ് മെഹര്‍, ലാലി എ.എന്‍ എന്നിവര്‍ നയിച്ച ടീം മൂന്നാം സ്ഥാനം നേടി.
കുട്ടികളുടെ വിഭാഗത്തില്‍ ഹിബ താജുദ്ദീന്, സ്വാതി സുകുമാരന്‍, ഷബാന താജ് എന്നിവരുടെ ടീമിനായിരുന്നു രണ്ടാം സ്ഥാനം. ടോബിന് ടോം, ഷമീല്‍ മഹബൂബ്, ആദിത്യ വിജയന് എന്നിവര്‍ ഉള്‍പ്പെട്ട ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങള്‍ക്ക് രമണിരാജന്‍ കണ്‍വീനറായുള്ള കെഎസ്സി വനിതാവിഭാഗം നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള