സൌദി ദേശീയദിനാഘോഷം അവിസ്മരണീയമാക്കാന്‍ പ്രവാസികളും
Monday, September 22, 2014 6:06 AM IST
റിയാദ്: സൌദി അറേബ്യയുടെ 84-ാമത് ദേശീയദിനാഘോഷങ്ങള്‍ അവിസ്മരണീയ അനുഭവമാക്കാന്‍ റിയാദിലെ പ്രവാസി സംഘടനകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

വിവിധ പരിപാടികളോടെ ദേശീയദിനം ആഘോഷിക്കാനാണ് സംഘടനകളുടേയും സ്ഥാപനങ്ങളുടേയും തീരുമാനം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി കൂടി ആയതിനാല്‍ പ്രവാസി സമൂഹം ആവേശത്തിമര്‍പ്പിലാണ്. രക്തദാനമാണ് പ്രധാനമായും സംഘടനകള്‍ പദ്ധതിയിട്ടിരിക്കുന്നത്. അന്നം തരുന്ന നാടിന് ഹൃദയത്തില്‍ നിന്നൊരു സമ്മാനം എന്ന പേരില്‍ റിയാദ് ടാക്കീസ് എന്ന സംഘടന ഷുമൈസി ആശുപത്രിയില്‍ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് രക്തദാന ക്യാമ്പ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനായി താത്പര്യമുള്ളവര്‍ ഷൈജു പച്ച (0559374233), നിസാം റിയാദ് (0533422655), ഡൊമനിക് സാവിയോ (0506903076), നവാസ് ഓപ്പീസ് (0501342347) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ ഫ്രന്റ്സ് ക്രിയേഷന്‍സ് റമാദ് ഓഡിറ്റോറിയത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രാദേശിക സംഘടനകള്‍ക്കായുള്ള സെമിനാര്‍, അഞ്ച് സൌദി ബിസിനസ് പ്രമുഖരെ ആദരിക്കല്‍, പ്രാദേശിക സംഘടനാ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചടങ്ങ് കേരള സംസ്ഥാന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഫോണ്‍ ഇന്‍ വഴി ഉദ്ഘാടനം ചെയ്യും. കൂടതല്‍ വിവരങ്ങള്‍ക്ക് 0509460972 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

പയ്യന്നൂര്‍ സൌഹൃദവേദിയുടെ മുസ്തഫ കവായി പ്രസിഡന്റായുള്ള വിഭാഗം ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ശുമൈസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. രക്തദാനം ജീവദാനമാണെന്ന മഹത് മുദ്രാവാക്യം ഓര്‍മപ്പെടുത്തിക്കൊണ്ട് രക്തദാന ക്യാമ്പിനോടനുബന്ധിച്ച് ബോധവത്കരണ സെമിനാറും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് മുസ്തഫ കവായിയും ജനറല്‍ സെക്രട്ടറി പി.കെ മധുസൂതനന്‍ എന്നിവര്‍ അറിയിച്ചു. രക്തദാനത്തിന് താല്‍ത്പര്യമുള്ളവര്‍ക്ക് കണ്‍വീനര്‍ മുരളീധരനുമായി 0548059816 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്ക നാളെ വൈകുന്നേരം ആറിന് ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സൌദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസികളും ആതിഥേയ രാജ്യത്തിന്റെ വാത്സല്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറാണ് ഫോര്‍ക്കയുടെ ആഘോഷപരിപാടികളുടെ മുഖ്യ ആകര്‍ഷണം. ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ഉമ്മര്‍, വൈസ് ചെയര്‍മാന്‍ റോജി മാത്യു എന്നിവരെ ഫോര്‍ക്ക ആദരിക്കും. കഴിഞ്ഞ സൌദി ദേശീയ ദിനത്തില്‍ രക്തദാനമടക്കം വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച റിയാദ് കെഎംസിസി, റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍, റിയാദ് ടാക്കീസ് എന്നീ സംഘടകളേയും ചടങ്ങില്‍ ആദരിക്കുമെന്ന് മീഡിയ കണ്‍വീനര്‍ ബഷീര്‍ പറമ്പില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിയാദിലെ കടകളും ഷോപ്പിംഗ് മാളുകളും ഹരിതമയമായിരിക്കുകയാണ്. ദേശീയ പതാകകളും ഹരിത വര്‍ണമുള്ള തോരണങ്ങളും സ്റിക്കറുകളും വാങ്ങാന്‍ ആളുകളുടെ വന്‍നിരയാണെത്തുന്നത്. ദേശീയദിനാഘോഷങ്ങള്‍ അതിരുവിടരുതെന്ന് മുഴുവനാളുകളോടും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധ മന്ത്രാലയങ്ങളും ആവര്‍ത്തിച്ചാവശ്യപ്പെടുമ്പോഴും വര്‍ണശബളമായൊരു ദേശീയദിനാഘോഷത്തിനുള്ള തയാറെടുപ്പിലാണ് പ്രവാസികളടക്കമുള്ളവര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍