വിജ്ഞാനം സമാധാനത്തിന്: ഹബീബുറഹ്മാന്‍ കിഴിശേരി
Monday, September 22, 2014 6:00 AM IST
ദോഹ: മാനവരാശി ആത്യന്തികമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സത്യസന്ധമായ അറിവും തിരിച്ചറിവും ശാന്തിയും സമാധാനവുമാണ് നല്‍കുകയെന്നും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനായ അമാനുള്ള വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ സമകാലികം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിലും സമൂഹത്തിലും സമാധാനം നഷ്ടപ്പെടുന്ന സമകാലിക ലോകത്ത് സന്ദേശ പ്രധാനമായ ലേഖനങ്ങളുള്‍കൊള്ളുന്ന സമകാലികം പ്രസക്തമാണ്. സ്വന്തത്തേയും കുടുംബത്തേയും സഹജീവികളേയും പ്രകൃതിയേയുമൊക്കെ തിരിച്ചറിയാനും മനസിലാക്കാനുമുള്ള സാംസ്കാരിക സാക്ഷരത കൈവരിക്കുമ്പോഴാണ് സമൂഹം ശരിയായ പുരോഗതിയിലേക്ക് നീങ്ങുന്നത്. ഈ രംഗത്ത് വൈജ്ഞാനിക സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ ദിശയിലുള്ള ഏത് പരിശ്രമവും ശ്ളാഘനീയമാണൈന്ന് അദ്ദേഹം പറഞ്ഞു.

ബ്രില്ല്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. സാംസ്കാരിക നവോഥാനത്തിന് എഴുത്തുകാരന്റെ തൂലികക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്െടന്ന് പ്രായോഗികമായി തെളിയിക്കുകയാണ് ഗ്രന്ഥകാരനെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ഇ.പി. ബിജോയ് കുമാര്‍ പറഞ്ഞു. കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ സ്വാഗതവും അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

ടി.എ. മുഹമ്മദ് റഫീഖ്, ശിഹാബുദ്ധീന്‍ മങ്കട, യൂനുസ് സലീം, സഞ്ജയ് ചപോല്‍ക്കര്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, സൈദ് അലവി അണ്േടക്കാട്ട്, സിയാഹുറഹ്മാന്‍, ഖാജാ ഹുസൈന്‍, ശബീര്‍ അലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ, മുഹമ്മദ് ഷമീം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂമാര്‍ട് പ്രസിദ്ധീകരിച്ച സമകാലികം എന്ന പുസ്തകം ദോഹയില്‍ ബ്രില്ല്യന്‍ എഡ്യൂക്കേഷന്‍ സെന്റര്‍ സൌജന്യമായി വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കോപ്പികള്‍ക്ക് 44936292, 44324853 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.