പ്രവാസത്തിന്റെ ചൂടിലും നാടിന്റെ സ്മരണയുണര്‍ത്തി കുവൈറ്റ് മലയാളി കഫേയുടെ ഓണാഘോഷം
Monday, September 22, 2014 5:49 AM IST
അബാസിയ (കുവൈറ്റ് സിറ്റി) : പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും പിറന്ന നാടിന്റെ ആഘോഷത്തെ അവിസ്മരണീയമാക്കി കുവൈറ്റ് മലയാളി കഫെയുടെ ഓണാഘോഷം അബാസിയയില്‍ ആഘോഷമാക്കി.

പ്രവാസ ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്കിടയിലും നാട്ടിലെ നിരാലംബരായ സഹജീവികള്‍ക്ക് സഹായമെത്തിക്കുന്ന കുവൈറ്റ് മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ കുവൈറ്റ് മലയാളി കഫേയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷവും നാലാമത് ഗ്രൂപ്പ് മീറ്റും സംഘടിപ്പിച്ചത്. ഈ ചെറിയ രാജ്യത്ത് എണ്ണിയാല്‍ ഒടുങ്ങാത്തത്ര കൂട്ടങ്ങളും കൂട്ടായ്മകളും ഉണ്െടങ്കിലും അവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ സാമ്പത്തികമോ, സാമൂഹികമോ, സാമുദായികമോ, രാഷ്ട്രീയമോ അല്ലെങ്കില്‍ പ്രാദേശികമോ ആയ ഏതെങ്കിലും ഒരു ചുറ്റുവട്ടത്തിനുള്ളിലോ, അല്ലെങ്കില്‍ അതിന്റെ ചട്ടക്കൂടിനുള്ളിലോ മാത്രം ഒതുങ്ങുമ്പോള്‍, വെറും സൈബര്‍ കൂട്ടായ്മയില്‍ കൂടി മാത്രം കണ്ടും കേട്ടുമറിഞ്ഞ കുറെ പ്രവാസി സുഹൃത്തുക്കള്‍, യാതന അനുഭവിക്കുന്ന ഒരു സഹജീവിക്ക് ഒരു കൈത്തിരി വെട്ടം സമ്മാനിക്കാന്‍ ഒന്നോടെ സന്മനസ് കാട്ടി എന്നതു തികച്ചും ശ്രദ്ധേയവും, സമാനമായ പല കൂട്ടങ്ങള്‍ക്കു മാതൃകാപരവുമാണെന്നു പറയാതെ വയ്യ.

സെപ്റ്റംബര്‍ 19 ന് രാവിലെ 10ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകുന്നേരം നാലോടെ സമാപിക്കുമ്പോള്‍ ഓരോ പ്രവാസിക്കും അത് അവിസ്മരണീയമായതും ഗൃഹാതുരത്വം തുളുമ്പന്നതുമായ മധുര സ്മരണയായി മാറുകയായിരുന്നു. 'പൊന്നോണം 2014' എന്ന പേരില്‍ നടന്ന ആഘോഷത്തില്‍ കുവൈറ്റ് മലയാളി കഫേയിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തുപ്പോള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.

സാം പൈനംമൂടും ഗ്രൂപ്പിന്റെ അഡ്മിന്‍സും കൊച്ചുകൂട്ടുകാരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ദിനേഷ് കണിയാട്ടില്‍ സ്വാഗതം ആശംസിച്ചു. സജു ഉമ്മന്‍, സജീവ് കോശി, മനോജ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

ദിനേശ്, രഞ്ചിത്ത്, ഹസീബ്, ഷാജിന, ഷാജി, പ്രസാദ്, ജംഷി തുടങ്ങിവരുടെ കലാപ്രകടനങ്ങള്‍ക്കും ഒപ്പം സിനിമാറ്റിക്ക് ഡാന്‍സും അരങ്ങേറി.

വിനു വിജയന്‍, സോനു, ആസാദ്, എല്‍ദോ തുടങ്ങിയവര്‍ വിവിധ കലാമത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിനോട് അനുബന്ധിച്ച് കുവൈറ്റ് മലയാളി കഫേയിലെ അംഗങ്ങളും അധ്യാപകരുമായ ആന്റണി നോയല്‍, ദീപാ നോയല്‍, അനു മാത്യു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

2013 ഡിസംബര്‍ 27 ന് നിലവില്‍ വന്ന ഫെയിസ്ബുക്ക് ഗ്രൂപ്പായ കുവൈറ്റ് മലയാളി കഫേയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 207000 രുപയുടെ ചികിത്സാ വിദ്യാഭ്യാസ സഹായങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് തിരുവോണ നാളില്‍ മാവേലിക്കര കുറത്തിയാട് അനാഥാലയം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാലോം ഭവനിലെ അശരണരായ 212 അന്തേവാസികള്‍ക്ക് കുവൈറ്റ് മലയാളി കഫെയുടെ നേതൃത്വത്തില്‍ 'സ്നേഹ സദ്യ' നടത്തി. അന്നേ ദിവസം രണ്ടു നേരം ഭക്ഷണം നല്‍കിയ കുവൈറ്റ് മലയാളി കഫെ എന്ന ഫെയിസ്ബുക്ക്ഗ്രൂപ്പ്, കൂണുപോലെ പൊട്ടിമുളച്ച നൂറായിരം ഫേസ്ബുക്ക് ഗ്രൂപ്പ്കള്‍ക്ക് ഇടയില്‍നിന്നും വളരെ അധികം വ്യത്യസ്തമായ ഒരു ഗ്രൂപ്പാണ്. വിഭവ സമൃദ്ധമായ ഓണ സദ്യയോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്. സമാപനത്തോട് ചേര്‍ന്ന് വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജോബിന്‍ ജോണ്‍ കൃതജ്ഞത രേഖപ്പെടുത്തി. പരിപാടികളില്‍ സഹകരിച്ച ഏവരോടും കുവൈറ്റ് മലയാളി കഫേയുടെ അണിയറ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍