ഇടം സാംസ്കാരിക വേദി നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു
Monday, September 22, 2014 4:13 AM IST
റിയാദ്: ആദിവാസി ഭൂമിയും വനഭൂമിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ 9 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നില്‍പ്പ് സത്യാഗ്രഹം നടത്തുന്ന ആദിവാസി സമൂഹത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് റിയാദിലെ ഇടം സാംസ്കാരിക വേദി സെമിനാര്‍ സംഘടിപ്പിച്ചു. ഐക്യദാര്‍ഡ്യ സമ്മേളനവും സെമിനാറും ഗോത്രമഹാസഭാ അധ്യക്ഷ സി.കെ ജാനു ഫോണ്‍ ഇന്‍ വഴി ഉദ്ഘാടനം ചെയ്തു.

സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ട കേരളത്തിലെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കുമെന്നും പട്ടിണി മരണങ്ങള്‍ അവസാനിപ്പിക്കുമെന്നും ആദിവാസി പുനരധിവാസത്തിന് പ്രത്യേക മിഷന്‍ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ച് ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ 10 വര്‍ഷങ്ങള്‍ക്കും ശേഷവും നടപ്പിലാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ആദിവാസികള്‍ സമരരംഗത്തിറങ്ങിയതെന്ന് ജാനു പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും അനുമതി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയില്ല. മാത്രമല്ല സര്‍ക്കാര്‍ തന്നെ കയ്യേറ്റം പ്രോത്സാഹിപ്പിക്കുകയാണ്. ആദിവാസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ ഇടത് വലത് പക്ഷ സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും ജാനു പറഞ്ഞു.

ആദിവാസി പുനരധിവാസത്തിനു മാറ്റിവെച്ച കണ്ണൂരിലെ ആറളം ഫാമില്‍ 1500 ഏക്കറോളം ഭൂമി കരാര്‍ കൃഷിയുടെ പേരിലും കയ്യേറ്റത്തിലൂടേയും പൈനാപ്പിള്‍ മുതലാളിമാര്‍ കൈക്കലാക്കി വെച്ചിരിക്കയാണ്. കുടിയിരുത്തപ്പെട്ട ആദിവാസികള്‍ക്ക് കുടിവെള്ളം, ചികിത്സ, തൊഴില്‍, ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക സഹായം, വന്യജീവികളില്‍ നിന്നുള്ള സംരക്ഷണം എന്നിവയെല്ലാം നിഷേധിച്ചിരിക്കുകയാണ്. നിരവധി ആദിവാസി ഊരുകളില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം മരണങ്ങള്‍ കൂടിവരികയാണെന്നും ജാനു ആരോപിച്ചു. ആദിവാസികളെ ശാക്തീകരിക്കാനും ആദിവാസി ഗ്രാമസഭകള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള ആദിവാസികളുടെ സഹനസമരം മണ്ണും പ്രകൃതിയും സംരക്ഷിക്കുന്നതിനുള്ളതാണെന്നും ഈ സമരത്തില്‍ കേരളത്തിലെ എല്ലാ മനുഷ്യസ്നേഹികളും കണ്ണിചേരണമെന്നും ജാനു അപേക്ഷിച്ചു.

കേരളത്തിലെ കക്ഷിരാഷ്ട്രീയ മണ്ഡലത്തില്‍ തന്ത്രപരമായ നിലപാടെടുക്കുന്നതില്‍ പരാജയപ്പെട്ട സംഘടനയാണ് ആദിവാസി ഗോത്രമഹാസഭയെന്നും അതുകൊണ്ടാണ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ സമരത്തെ ശ്രദ്ധിക്കാത്തതെന്നും ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു. അവകാശ സമരങ്ങളെ നിര്‍വീര്യമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച കേരളത്തിലെ നവസാമൂഹ്യ പ്രസ്ഥാനങ്ങളും ആക്ടിവിസ്റ്റുകളും ആദിവാസി സമരത്തിന്റെ മുന്നണിയിലുള്ളത് അപഹാസ്യമാണെന്നും ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ആര്‍. മുരളീധരന്‍, വിക്രമന്‍ അഞ്ചല്‍, എം. ഫൈസല്‍, റാഹില കപൂര്‍, ബീന ഫൈസല്‍ എന്നിവരും സംസാരിച്ചു. നേരത്തെ ആദിവാസി സമരത്തിന് പ്രതീകാത്മക ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഇടം സാംസ്കാരിക വേദിയുടെ പ്രതിഷേധ നില്‍പ്പ് ധര്‍ണയെ ആര്‍. മുരളീധരന്‍ അഭിസംബോധന ചെയ്തു. സിദ്ദീഖ് നിലമ്പൂര്‍ സ്വാഗതവും നിജാസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍