കെസിഎസ് ഗ്രാന്റ് പേരന്റ്സ് ദിനാഘോഷം ശ്രദ്ധേയമായി
Monday, September 22, 2014 4:11 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രാന്റ് പേരന്റ്സ് ദിനം സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 13-ാം തീയതി ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ വിവിധ പരിപാടികളോടെയാണ് ഗ്രാന്റ് പേരന്റ്സ്ദിനം ആഘോഷിച്ചത്. ഭക്ഷണപാചക കലാവിരുത് പ്രകടിപ്പിച്ചുകൊണ്ട് വിവിധ തരത്തിലുള്ള സ്വാദിഷ്ഠ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വല്യപ്പച്ചന്മാരും, വല്യമ്മച്ചിമാരും ചേര്‍ന്ന് തയ്യാറാക്കുകയുണ്ടായി.

ഗ്രാന്റ് പേരന്റ്സ് ദിനാഘോഷ സമ്മേളനം സീനിയറായ മാത്യു തെക്കേപ്പറമ്പില്‍ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാന്റ് പേരന്റ്സ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുകൊണ്ട് കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം പ്രസംഗിച്ചു. സീനിയര്‍ സിറ്റിസണ്‍ കോര്‍ഡിനേറ്റര്‍ ജേക്കബ് പുല്ലാപ്പള്ളി സ്വാഗതവും, ജേക്കബ് മണ്ണാര്‍കാട്ടില്‍ കൃതജ്ഞതയും പറഞ്ഞു. ജോര്‍ജ് പുതുശ്ശേരി എം.സിയായിരുന്നു. തുടര്‍ന്ന് അക്ഷരശ്ളോകമത്സരവും ജിമ്മി കണ്ടാരപ്പള്ളി നേതൃത്വം കൊടുത്ത ഉപകരണസംഗീതവും നടത്തപ്പെട്ടു. ബെസ്റ് ഗ്രാന്റ് പേരന്റ്സിനായുള്ള മത്സരത്തില്‍ മാത്യു എത്സമ്മ പുളിക്കത്തൊട്ടിയില്‍ ദമ്പതിമാര്‍ ഒന്നാംസ്ഥാനവും, ജെയിംസ് ഗ്രേസി പൂത്തുറ ദമ്പതിമാര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കെ.സി.എസ്. ഭരണസമിതിയും സീനിയര്‍ സിറ്റിസണ്‍ കമ്മറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം