'ഇന്ന് വിത്തിറക്കി നാളെ കൊയ്തെടുക്കാവുന്ന കൃഷിയല്ല സാംസ്കാരിക പ്രവര്‍ത്തനം'
Saturday, September 20, 2014 6:50 AM IST
അബുദാബി: ഇന്ന് വിത്തിറക്കി നാളെ കൊയ്തെടുക്കാവുന്ന ഒരു കടുംകൃഷിയാണ് സാംസ്കാരിക പ്രവര്‍ത്തനമെന്ന് ആരും ധരിക്കേണ്ടതില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തായാട്ട് അവാര്‍ഡിന്റെ ഭാഗമായി അബുദാബി ശക്തി തിയറ്റേഴ്സ് കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന ത്തില്‍ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെ സൈദ്ധാന്തികരില്‍ ബഹുഭൂരിപക്ഷവും ലളിത ജീവിതത്തിന്റെ ഉടമകളായത് ഗാന്ധിസം സ്വാധീനിച്ചതുകൊണ്ടാണ്. ഗാന്ധിയന്മാരുമായി ഒരു ആത്മബന്ധം ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിനുണ്ടായിരുന്നു. ആഗോളവത്കരണ സംസ്കാരത്തിന്റെ ചുവടുപിടിച്ചാണ് ഇന്ന് വിപണി നിലനില്‍ക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാര്‍ഗം ചരിത്രത്തിലേയ്ക്ക് തിരിച്ചു പോകുക എന്നതാണ്. ആഗോളവത്കരണത്തെ പ്രതിരോധിക്കാന്‍ രണ്ട് മാര്‍ഗങ്ങളേയുള്ളൂ. ഒന്നുകില്‍ ചൈനയെപ്പോലെ ലോകമാര്‍ക്കറ്റില്‍ ഇടപെട്ട് ശക്തിയാര്‍ജിക്കുക അല്ലെങ്കില്‍, ഗാന്ധി പറഞ്ഞതുപോലെ എനിക്കിത്രമതി എന്ന അലംഭാവം സ്വീകരിക്കുക.

ഗാന്ധിയന്‍ ചിന്തകളോടുള്ള നിരന്തരമായ സംവാദം ഇനിയും തുടരേണ്ടതുണ്ട്. തായാട്ട് ശങ്കരന്റെ രചനകള്‍ അത്തരം ഒരു സംവാദത്തിനു നമ്മെ ഓര്‍മിപ്പിച്ചിരുന്നു. നന്മമയുടേയും പ്രായോഗികതയുടേയും രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ തന്നെ സ്വാധീനിച്ചിട്ടുള്ളത് ഗാന്ധിജിയും കേളപ്പനുമാണെന്ന് തായാട്ട് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് അറുപതുകളില്‍ തായാട്ടിന്റെ വീട്ടില്‍ താമസിച്ച് വിദ്യാഭ്യാസം തുടര്‍ന്ന കെ.പി. മോഹനന്‍ തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി.

സമീപകാലത്ത് സാംസ്കാരിക പഠനങ്ങള്‍ എന്ന പേരില്‍ ലോകത്തിന്റെ പല ഭാഗങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള പോസ്റ് കൊളോണിയല്‍ പഠനങ്ങളില്‍ സാമ്രാജ്യത്വം അതിന്റെ കോളനിവാഴ്ച അവസാനിപ്പിച്ചു കഴിഞ്ഞാലും ആ നാടിന്റെ കൊളോണിയല്‍ യജമാനന്മമാരെ പിന്നീട് എങ്ങനെയാണ് തുടര്‍ന്ന് പോന്നിട്ടുള്ളത് എന്നിവയെ കുറിച്ചുള്ളവയാണ്.

സാഹിത്യത്തിലെ മാനവികത കേവലം മാനസികമല്ലെന്നും അത് വര്‍ഗബോധ ത്തില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമെ മാനവിതയിലേയ്ക്ക് ഉദാത്തവത്കരിക്കുകയുള്ളുവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ടി. കെ. രാമകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് പ്രമുഖ സാംസ്കാരിക പ്രവര്‍ ത്തകന്‍ എ.പി. അഹമ്മദ് മാസ്റര്‍ പ്രസംഗിച്ചു. ശക്തി പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ അബുദാബി ശക്തി തായാട്ട് ടി.കെ. രാമകൃഷ്ണന്‍ അവാര്‍ഡ് കൃതികളെ സാഹിത്യവിഭാഗം സെക്രട്ടറി ജയേഷ് പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി വി.പി. കൃഷ്ണകുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു.