മദ്യലഹരി പകരുന്ന സൌഹൃദ കൂട്ടങ്ങള്‍ സംസ്കാരത്തിന് അപമാനകരം: ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത
Saturday, September 20, 2014 6:48 AM IST
ന്യൂഡല്‍ഹി: മദ്യലഹരി ഒരു വലിയ ആസക്തിയായും വിപത്തായും പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മദ്യലഹരി പകരുന്ന സൌഹൃദ കൂട്ടങ്ങളും ക്ളബുകളും നമ്മുടെ സംസ്കാരത്തിന് അപമാനകരമാണെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത.

സെപ്റ്റംബര്‍ ഒമ്പതിന് തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ മെത്രാപോലീത്താ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡലത്തിന്റെ ആദ്യദിവസം എഴുതി തയാറാക്കി അധ്യക്ഷ പ്രസംഗത്തിലാണ് അര്‍ഥ ശങ്കയ്ക്കിടയില്ലാത്തവിധം മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

മാര്‍ത്തോമ സഭയില്‍ ചുമതലാ സ്ഥാനങ്ങളില്‍ പ്രവേശിക്കുന്നവര്‍ മദ്യപാനികളാകാന്‍ പാടില്ലെന്നും അങ്ങനെ ബോധ്യപ്പെട്ടാല്‍ തല്‍സ്ഥാനത്തു നിന്ന് അവരെ നീക്കം ചെയ്യണമെന്ന് ഇടവകള്‍ക്ക് അയച്ച കല്‍പ്പനയിലൂടെ സഭാ ജനങ്ങളെ അറിയിച്ചിട്ടുളള കാര്യം അംഗങ്ങളെ ഓര്‍മപെടുത്തി.

പട്ടത്വ സമൂഹവും സുവിശേഷകരും സഭാ വിശ്വാസികളും ധൂമപാനമോ, മദ്യപാനമോ ചെയ്യാന്‍ പാടില്ല എന്ന നിര്‍ബന്ധിത പാരമ്പര്യമാണ് സഭ പുലര്‍ത്തുന്നതെന്ന് തിരുമേനി പറഞ്ഞു.

അടുത്ത കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച മദ്യനിരോധന നയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കുര്‍ബാനയിലെ വീഞ്ഞ് ചര്‍ച്ചാവിഷയമായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. പൌരസ്ത്യ സഭകള്‍ കുര്‍ബാനയ്ക്കുളള വീഞ്ഞ് തയാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെയൊരു വിവരം രൂപപ്പെടുമായിരുന്നില്ല. വീഞ്ഞ് എന്ന അര്‍ഥമല്ല, മുന്തിരി രസമെന്ന അര്‍ഥമാണ് നാം മനസിലാക്കേണ്ടത്. ക്രൈസ്തവ സഭകളെ അര്‍ഥമാറിയാതെയും വ്യക്തമായി കാര്യം ഗ്രഹിക്കാതെയും അടച്ചാക്ഷേപിക്കുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അഭലക്ഷണീയമല്ല. മദ്യരഹിത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളും ഐക്യദാര്‍ഡ്യത്തോടെ പ്രവര്‍ത്തിക്കണമെന്നും തിരുമേനി അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍