ന്യൂ സനായ്യ മലയാളി സംഗമം വെള്ളിയാഴ്ച
Friday, September 19, 2014 7:36 AM IST
റിയാദ്: ന്യൂ സനായ്യ ജാലിയാത്തിന് കീഴില്‍ നടന്നു വരുന്ന വാര്‍ഷിക മലയാളി സംഗമം സെപ്റ്റംബര്‍ 19ന് (വെള്ളി) ഉച്ചക്ക് ഒന്നു മുതല്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ഷേഖ് നാസര്‍ ഇബ്നു ആയിശ് അല്‍ ബുഖ്മി സംഗമം ഉദ്ഘാടനം ചെയ്യും.

കാലിക പ്രസക്തവും പ്രവാസി സംബന്ധവുമായ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെച്ചപ്പെടും. ആധുനിക വാര്‍ത്താ മാധ്യമങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തു കൊണ്ട് സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സെക്രട്ടറി എം.ടി മനാഫ് മാസ്റര്‍ (യാമ്പു) പ്രസംഗിക്കും.

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് നോര്‍ക്ക സൌദി കണ്‍സല്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് ചടങ്ങില്‍ ക്ളാസെടുക്കും. കുടുംബ ജീവിതത്തിന്റെ ധാര്‍മികത വെല്ലുവിളികള്‍ നേരിടുന്ന കാലിക കുടുംബ പശ്ചാത്തലത്തില്‍ ഓരോ പ്രവാസിയും മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കെ.എം ഫൈസി (ഉനൈസ) ക്ളാസെടുക്കും. കൂടാതെ ജനറല്‍ ക്വിസ് പ്രോഗ്രാമും ഉണ്ടായിരിക്കും.

സംഗമത്തിന്റെ വിജയത്തിനായി ഷേഖ് അബ്ദുറഹീം ഇബ്നു മുഹമ്മദ് അല്‍ മുഹൈനി ചെയര്‍മാനും അഷ്റഫ് മരുത ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. അഹമ്മദ് ചാലിശേരി, ഷാജഹാന്‍ ചളവറ, ഉമ്മര്‍ കണ്ണൂര്‍, ഷാഹുല്‍ കൊച്ചി, നബീല്‍ കോഴിക്കോട് എന്നിവര്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരാണ്. സംഗമവേദിയിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹനസൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍