മാര്‍ ജോയി ആലപ്പാട്ടിന് ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവക സ്വീകരണം നല്‍കി
Friday, September 19, 2014 5:14 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവിന് ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവക സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച വൈകിട്ട് സ്വീകരണം നല്‍കി.

ശനിയാഴ്ച വൈകിട്ട് നാലന് പള്ളിയങ്കണത്തില്‍ എത്തിയ പിതാവിനെ ഇടവക വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ പൂച്ചെണ്ട് നല്‍കി ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും ലദീഞ്ഞും നടത്തപ്പെട്ടു.

തുടര്‍ന്ന് ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ അമേരിക്കന്‍ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റ് മെത്രാന്‍ അഭിവന്ദ്യ തോമസ് മാര്‍ യൌസേബിയോസ് തിരുമേനി അധ്യക്ഷതവഹിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, സെക്രട്ടറി ബെഞ്ചമിന്‍ തോമസ്, ട്രഷറര്‍ രാജു വിന്‍സെന്റ് എന്നിവര്‍ മംഗളാശംസകള്‍ നേര്‍ന്നു. ആശംസകള്‍ നേരുന്നതിനായി പള്ളോറ്റൈന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോ കോയിക്കല്‍, ഫാ. തോമസ് കുറ്റ്യാനിക്കല്‍, ഫാ. നവീന്‍ ജോസഫ് എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മറുപടി പ്രസംഗത്തില്‍ സീറോ മലബാര്‍ സഭയും മലങ്കര സഭയും ഒരു ഞെട്ടിലെ രണ്ടു പൂക്കളാണെന്നും, തനിക്ക് മലങ്കര കത്തോലിക്കാ സമൂഹത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നതായും, സെപ്റ്റംബര്‍ 27-ന് നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം