ജര്‍മനി കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി
Thursday, September 18, 2014 7:22 AM IST
ബര്‍ലിന്‍: കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ സൂക്ഷിച്ചതിന് പിടിക്കപ്പെടുന്നവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ കൂടുതല്‍ കടുത്തതാക്കുമെന്ന് ജര്‍മന്‍ നിയമ മന്ത്രി ഹെയ്കോ മാസ്.

ഇപ്പോള്‍ രണ്ടു വര്‍ഷമാണ് ഇത്തരക്കാര്‍ക്കു ലഭിക്കുന്ന പരമാവധി തടവു ശിക്ഷ. ഇത് മൂന്ന് വര്‍ഷമാക്കുന്നതിന് മാസ് അവതരിപ്പിച്ച നിയമ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞു. കുട്ടികളുടെ അശ്ളീലവും മാന്യമല്ലാത്തതുമായി ചിത്രങ്ങള്‍ എന്നതിന് പുതിയ വ്യാഖ്യാനവും ഇതില്‍ ചേര്‍ത്തിരിക്കുന്നു. കുട്ടികളുടെ അറിവില്ലാതെ എടുക്കുന്ന ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കാനഡയില്‍നിന്നു വരുത്തിയതുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നതിനിടെയാണ് നിയമ ഭേദഗതി. ഇതിനെ പോലീസ് യൂണിയനുകള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഇപ്പോള്‍, 21 വയസ് വരെയുള്ളവര്‍ക്ക് ബാല്യത്തില്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നു. ഈ പ്രായപരിധി മുപ്പതു വയസായി ഉയര്‍ത്താനുള്ള വ്യവസ്ഥയും കരട് നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍