ജേക്കബ് ഈശോ ഇന്തോ അമേരിക്കന്‍ പ്രസ്ക്ളബ് വൈസ് പ്രസിഡന്റ്
Thursday, September 18, 2014 2:25 AM IST
ന്യൂയോര്‍ക്ക്: ഇന്തോ -അമേരിക്കന്‍ പ്രസ്ക്ളബ് വൈസ് പ്രസിഡന്റായി പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ഈശോയെ തെരഞ്ഞെടുത്തു. നിരവധി ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങളില്‍ ലേഖനങ്ങളും കഥകളും കാര്‍ട്ടൂണുകളും കവിതകളും രചിച്ചിട്ടുള്ള ഇദ്ദേഹം പരിചയസമ്പന്നനായ എഡിറ്ററും പബ്ളിഷറുമാണ്. കേരളത്തിനു പുറത്ത് ആദ്യമായി കംപ്യൂട്ടറൈസ്ഡ് ടൈപ്പ് സെറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളപത്രം പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണദ്ദേഹം. 1986 മുതല്‍ 1996 വരെ ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ചങ്ങനാശേരി സെന്റ് വിന്‍സെന്റ് ഡി പോള്‍ സെമിനാരിയിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഈശോ മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനി, കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്‍ഡ് സ്റാര്‍ ന്യൂസ് വീക്കിലിയില്‍ പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഏഷ്യയില്‍ ന്യൂസ് എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷണല്‍ മലയാളം മാസികയില്‍ റെസിഡന്റ് എഡിറ്റര്‍, ഹൂസ്റണ്‍ സ്മൈല്‍സ്, ഏഷ്യന്‍ സ്മൈല്‍സ് മാസികകളുടെ പബ്ളിഷര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

1980-90 കാലയളവില്‍ ന്യൂ ഇംഗ്ളണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍ കണ്‍സള്‍ട്ടന്റായും കിന്‍കോ കോര്‍പറേഷനില്‍ കംപ്യൂട്ടര്‍ സര്‍വീസ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു വായനക്കാരനും ചിന്തകനും എഴുത്തുകാരനും മികച്ച പ്രഭാഷകനും കൂടിയായ ഈശോ ടോസ്റ്മാസ്റ്റേഴ്സ് അന്താരാഷ്ട്ര ക്ളബ് അംഗമാണ്. 2006 -07 ല്‍ അക്കങ്ങളുടെ രൂപം, മൂല്യം എന്നിവയുടെ പിന്നിലെ യുക്തി സംബന്ധിച്ച കണ്ടുപിടിത്തവും അദ്ദേഹം നടത്തി. ദശാംശ സംഖ്യകളുടെ രൂപത്തെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ കോപ്പിറൈറ്റും അദ്ദേഹം സ്വന്തമാക്കി.വിശ്വസ്തതയും ബുദ്ധിവൈഭവും പ്രവര്‍ത്തന സ്ഥിരതയും കൊണ്ടാണ് അദ്ദേഹം ഉന്നത വിജയം സ്വന്തമാക്കിയത്. ഈശോ അങ്കിള്‍ എന്നറിയപ്പെടുന്ന അദ്ദേഹം നോര്‍ത്ത് അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്റെ നാഷണല്‍ പബ്ളിക് റിലേഷന്‍സ് കോ ഓര്‍ഡിനേറ്ററായും മികച്ച സേവനം കാഴ്ച്ചവെച്ചിട്ടുണ്ട്. ഹൂസ്റണിലെ മലയാളി അസോസിയേഷന്റെ ട്രഷററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ ജേക്കബ് ഈശോ കഴിഞ്ഞ മുപ്പതു വര്‍ഷമായി ഹൂസ്റണില്‍ താമസിക്കുകയാണ്. 15 വര്‍ഷമായി അമേരിക്കയിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് റെപ്രസന്റേറ്റീവായി മികച്ച രീതിയില്‍ ജോലി ചെയ്തുവരികയാണ് അദ്ദേഹം. ചങ്ങനാശേരി എസ്ബി കോളേജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹത്തിന് പെന്‍സില്‍വാനിയയിലെ ലൈഫ് അണ്ടര്‍ റൈറ്റേഴ്സ് ട്രെയിനിംഗ് കൌണ്‍സില്‍ ആന്‍ഡ് ദ അമേരിക്കന്‍ കോളേജില്‍ നിന്നു ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

ഹൂസ്റണിലെ ഓവര്‍സീസ് കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും കേരള റൈറ്റേഴ്സ് ഫോറത്തിന്റെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. വലിയ സ്വപ്നങ്ങള്‍ കാണുക, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക, ഫലം പിന്നാലെ വരും ജേക്കബ് ഈശോ പിന്തുടരുന്ന മുദ്രാവാക്യമാണിത്. ഭാര്യ റേച്ചല്‍ ഈശോ ഹൂസ്റണ്‍ മെഡിക്കല്‍ സെന്ററിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ അംഗീകൃത നഴ്സായി ജോലി ചെയ്യുന്നു. മക്കള്‍: റോഷന്‍, റോജന്‍, റോയ്സാന്‍.