അസീസിയ സെവന്‍സ് സോക്കര്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു
Wednesday, September 17, 2014 5:08 AM IST
റിയാദ്: ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് അസീസിയ സോക്കര്‍ സംഘടിപ്പിച്ച ദ്വിദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു.

സിറ്റി ഫ്ളവര്‍ വിന്നേഴ്സ് കപ്പിനും റോളക്സ് അറേബ്യന്‍ കാര്‍ഗോ റണ്ണേഴ്സ് അപ്പ് ട്രോഫിക്കും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ റിയാദിലെ പ്രമുഖരായ ഒമ്പത് ടീമുകള്‍ പങ്കെടുത്തു. റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വഹിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിനായി നടന്ന മത്സരത്തില്‍ ഹീറോസ് ഒതായിയെ ഷൂട്ട് ഔട്ടില്‍ അസീസിയ സോക്കര്‍ പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ യൂണൈറ്റഡ് ഫ്രന്റ്സ് ശാര റയില്‍ ഒബയാര്‍ ട്രാവല്‍സ് ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും റോയല്‍ റിയാദ് സോക്കര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യൂത്ത് ഇന്ത്യ ക്ളബിനേയും ലാന്റേണ്‍ എഫ്സി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഹാഫ്ലൈറ്റ് ശാര റെയിലിനേയും റെയിന്‍ബോ ക്ളബ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അസീസിയ സോക്കറിനേയും പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിച്ചു.

ഷക്കീബ് കൊളക്കാടന്‍, ലത്തീഫ് ചാലിയാര്‍, ഷിഹാബ് പാഴൂര്‍, അബൂബക്കര്‍, ഹൈദ്രോസ് തങ്ങള്‍, ഹംസ തൃക്കിടീരി എന്നിവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച നടക്കും. ഇതോടൊപ്പം സൌഹൃദ മത്സരവും അരങ്ങേറുമെന്നും സംഘാടക സമിതി ഭാരവാഹികളായ കബീര്‍ ആക്കപറമ്പില്‍, സെയ്ത് തൃക്കീടീരി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍