ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഓണാഘോഷം നടത്തി
Wednesday, September 17, 2014 3:47 AM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സെപ്റ്റംബര്‍ 14-ന് ഞായറാഴ്ച രാവിലെ നടന്ന സ്ളീബാ പെരുന്നാളിനുശേഷം മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന വിഭവസമൃദ്ധമായ ഓണവിരുന്നോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. ഷിബു മാത്യു, ലീനാ ഡാനിയേല്‍, ഉഷാ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഏവരേയും സ്വാഗതം ചെയ്തു. താളമേളങ്ങളോടൂകൂടി യുവജനങ്ങളും മുതിര്‍ന്നവരും ആടിയും പാടിയും താലപ്പൊലിയുടെ അകമ്പടിയോടുകൂടി മഹാബലി ചക്രവര്‍ത്തിയെ വേദിയിലേക്ക് ആനയിച്ചു. മഹാബലിയായി എത്തിയ മോനി സദസിന് ആശംസകള്‍ നേര്‍ന്നു.

ഫാ. ദാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രജാക്ഷേമ തത്പരനായിരുന്ന ഒരു ചക്രവര്‍ത്തിയെ അനുസ്മരിക്കുന്ന സന്തോഷത്തിന്റെ ദിനങ്ങളാണ് ഓണമെന്നും, കേരളത്തിന്റെ ഈ ദേശീയ ഉത്സവത്തില്‍ എല്ലാ മതവിഭാഗങ്ങളും അതില്‍ പങ്കാളികളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ബാബുജി സ്കറിയ, ഏബ്രഹാം മാത്യു, ജോണ്‍ പി. ജോണ്‍, തോമസ് സ്കറിയ, വര്‍ഗീസ് തോമസ്, ആച്ചിയമ്മ ജോര്‍ജ്, ഏലിയാമ്മ പുന്നൂസ് തുടങ്ങിയവര്‍ സദസില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഷിബു മാത്യു എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. പ്രാര്‍ത്ഥനയോടുകൂടി ആഘോഷങ്ങള്‍ പര്യവസാനിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം