യുവകലാ സാഹിതി സൌദി ഘടകം രൂപീകരിച്ചു
Tuesday, September 16, 2014 7:47 AM IST
റിയാദ്: സൌദി അറേബ്യയിലെ പ്രശസ്തരും നവാഗതരുമായ എല്ലാ എഴുത്തുകാര്‍രും വായനക്കര്‍രും തമ്മില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സംവദിക്കുന്നതിനായി റിയാദ് കേന്ദ്രമായി യുവകലാ സാഹിതിയുടെ സൌദി തല പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സൌദിയിലെ എഴുത്തുകാരുടെയും മറ്റും സാഹിത്യസൃഷ്ടികളെ ആസ്പദമാക്കി ചര്‍ച്ചകളും സംവാദങ്ങളും സ്വതന്ത്ര സാംസ്കാരിക പ്രവര്‍ത്തനങ്ങളുമാണ് യുവകലാ സാഹിതിയുടെ ലക്ഷ്യം.

എഴുത്തുകാരന്‍ എഴുകോണ്‍ ജോയ് പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി യുവകലാ സാഹിതിയുടെ സൌദിതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. മുന്‍ മന്ത്രി കെ.ഇ. ഇസ്മയില്‍ യോഗത്തെ ടെലഫോണിലൂടെ അഭിസംബോധന ചെയ്ത് വര്‍ത്തമാന കാലസാഹചര്യത്തില്‍ എഴുത്തുകാര്‍ സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ബാധ്യതകളെകുറിച്ച് പ്രസംഗിച്ചു.

സാംസ്കാരിക നായകരുടെയും എഴുത്തുകാരുടെയും വായന ഗൌരവമായെടുക്കുന്നവരുടെയും കൂട്ടായ്മക്ക് കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ ആശംസകള്‍ നേര്‍ന്നു. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ കലയും സാഹിത്യവും നേരിടുന്ന വെല്ലുവിളികളെ വിശദീകരിക്കുകയും അവയൊക്കെ നേരിടാന്‍ യുവകലാസാഹിതി പോലെയുള്ള കൂട്ടായ്മകള്‍ ലോകത്തിന്റെ നാനാകോണിലും ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം യോഗത്തെ ഓര്‍മപെടുത്തി.

നരേന്ദ്ര മോദിയും സംഘവും ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന അപകടകരമായ മാറ്റങ്ങളെ സംബന്ധിച്ചും അതിനെതിരേ ഇന്ത്യയിലെ ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ ജാഗരൂഗരായിരിക്കേണ്ട ആവശ്യകതയെപ്പറ്റിയും പ്രാദേശികാടിസ്ഥാനത്തില്‍ ഭാഷയുടെ പ്രാധാന്യത്തെപ്പറ്റിയും അധ്യാപകനും എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ എം. ഫൈസല്‍ പ്രസംഗിച്ചു.

സക്കീര്‍ വടക്കുംതല (ന്യൂഏജ്), സബീന എം, റസൂല്‍ സലാം, റഫീക് തിരുവിഴാംകുന്ന്, ഹരി നായര്‍, കോശി സി. മാത്യു, അനിത നസീം, വിനോദ് എന്നിവര്‍ പ്രസംഗിച്ചു. സക്കറിയ സി.പുറക്കാട് സ്വാഗതവും സമീര്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. എഴുകോണ്‍ ജോയ് പ്രസാദ് (പ്രസിഡന്റ്) സബീന എം. സാലി (വൈ പ്രസിഡന്റ്) കോശി സി മാത്യു (ജനറല്‍ സെക്രട്ടറി), രശ്മി സന്തോഷ് (ജോ. സെക്രട്ടറി), അനിത നസീം (ട്രഷറര്‍), റഫീക് തിരുവിഴാംകുന്ന്, സക്കറിയ സി. പുറക്കാട് എന്നിവര്‍ നിര്‍വാഹക സമിതിയംഗങ്ങളായ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍