നികിതാ വികാസിനെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ആദരിച്ചു
Tuesday, September 16, 2014 5:17 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട നികിതാ വികാസിനെ പ്രത്യേകം തയാറാക്കിയ റെക്കഗ്നേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡാളസ് പ്രോവിന്‍സ് ആദരിച്ചു.

ഡോ. വികാസ് നെടുമ്പള്ളിലിന്റേയും, രശ്മി വികാസിന്റേയും പുത്രിയാണ് 14 വയസുകാരിയായ കോപ്പേല്‍ ഹൈസ്കുള്‍ വിദ്യാര്‍ത്ഥിനി നികിത. ഡാളസ് പ്രോവിന്‍സിനുവേണ്ടി വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കാ റീജിയന്‍ വൈസ് പ്രസിഡന്റ് പി.സി മാത്യുവാണ് സര്‍ട്ടിഫിക്കറ്റ് ഓണാഘോഷപരിപാടികളോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് നികിതയ്ക്ക് നല്‍കിയത്.

ആറു വയസു മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന നികിതയുടെ നേട്ടത്തിനുള്ള അംഗീകാരവും അനുമോദനവും നികിതയ്ക്കും മാതാപിതാക്കള്‍ക്കും, അദ്ധ്യാപികയ്ക്കും ഒന്നുപോലെ പങ്കിടാമെന്ന് പി.സി. മാത്യു ആശംസിച്ചു.

ഡോ. വികാസ് ന്യൂബ്രൂഡ് ലോജിസ്റിക്സില്‍ ബിസിനസ് ഇന്റലിജന്‍സ് ഡയറക്ടറായും, രശ്മി സിറ്റി ഗ്രൂപ്പില്‍ ഡേറ്റാ ആര്‍ക്കിടെക്ടായും ജോലി ചെയ്യുന്നു. നിരന്തരമായ പ്രചോദനവും, അര്‍പ്പണമനോഭാവവും കഠിനാധ്വാനവുമാണ് തങ്ങളുടെ മകളുടെ നേട്ടത്തിനു പിന്നിലെന്നും, മലയാള സംസ്കാരത്തെ കാര്യക്ഷമതയോടെ കാണുവാനും അതിനായി പ്രവര്‍ത്തിക്കുവാനും കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. മോഹിനിയാട്ടം, വീണ, വോക്കല്‍, കര്‍ണ്ണാടിക് സംഗീതം, പിയാനോ തുടങ്ങിയവയിലും അഭ്യസനം നടത്തുന്ന നികിത സ്കൂള്‍ പഠനത്തിലും മുമ്പന്തിയിലാണ്. എല്ലോറാ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന്റെ ഫൌണ്ടറും ഡയറക്ടറുമായ വാണീ ഈശ്വരയാണ് നികിതയുടെ നൃത്ത ഗുരു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം