ഗാര്‍ഹിക സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കല്‍ നിയമം: കല കുവൈറ്റ് സ്വാഗതം ചെയ്തു
Monday, September 15, 2014 9:22 AM IST
കുവൈറ്റ്: കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളായി സ്ത്രീകളെ കൊണ്ടുവരുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 2500 അമേരിക്കന്‍ ഡോളര്‍ (720 കുവൈറ്റി ദിനാര്‍) ബാങ്ക് ഗാരണ്ടി ഇന്ത്യന്‍ എംബസിയില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനത്തെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സ്വാഗതം ചെയ്തു.

കുവൈറ്റിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികളായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിരവധിയായ കേസുകള്‍ മുന്‍നിര്‍ത്തി കല കുവൈറ്റ് നിരന്തരം എംബസിയോടും കേന്ദ്ര സര്‍ക്കാരിനോടും ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതേ നിബന്ധനകള്‍ വീട്ടു ജോലിക്കാരായി കുവൈറ്റില്‍ എത്തുന്ന പുരുഷന്മാരായ ജോലിക്കാരുടെയും കാര്യത്തില്‍ വരുത്തണമെന്നും അതിനാവശ്യമായ തീരുമാനങ്ങളും എംബസിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കല കുവൈറ്റ് അധികാരികളോട് ആവശ്യപ്പെട്ടു.

തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള രേഖകള്‍ സാക്ഷ്യപ്പെടുത്തണമെങ്കില്‍ എംബസിയില്‍ രേഖകളോടൊപ്പം മേല്‍പറഞ്ഞ ബാങ്ക് ഗ്യാരണ്ടിയും സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന ബാങ്ക് ഗ്യാരണ്ടിക്ക് തൊഴിലാളി കുവൈറ്റില്‍ നില്‍ക്കുന്നതു വരെ സാധുത ഉണ്ടായിരിക്കണമെന്നും നിഷ്കര്‍ച്ചിട്ടുണ്ട്. ഈ നിബന്ധന ഗാര്‍ഹിക ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഏറെക്കുറെ സഹായിക്കും എന്നാണ് കരുതുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന ഈ നിയമ പരിഷ്കരണത്തിന് മുന്‍കൈ എടുത്ത കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനെയും ഉദ്യോസ്ഥരെയും അഭിനന്ദിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയും ജനറല്‍ സെക്രട്ടറി ടി.വി. ജയനും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍