സ്നേഹവും സാഹോദര്യവും പങ്കു വച്ച് 'ഒരുമയുടെ പൂക്കളം'
Monday, September 15, 2014 9:19 AM IST
ദമാം: നന്മയും സാഹോദര്യവും നിറഞ്ഞ നാളുകളുടെ ഓര്‍മകള്‍ക്കൊപ്പം വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങള്‍ പങ്കുവച്ച ഒരുമയുടെ പൂക്കളം ശ്രദ്ധേയമായി. സൌഹൃദ ചര്‍ച്ച, ഗാനം, കവിത എന്നീ ഇനങ്ങളോടെ തനിമ കലാ, സാംസ്കാരിക വേദിയാണ് പരിപാടി ഒരുക്കിയത്. കാര്‍ഷിക അഭിവൃദ്ധിയുടെ ക്ഷേമ രാഷ്ട്രത്തിന്റെയും സന്ദേശമാണ് ഓണം പങ്ക് വയ്ക്കുന്നതെന്നും എന്നാല്‍ നിലവില്‍ നാം അനുഭവിച്ച് കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം ഇതില്‍ നിന്ന് ഒരു പാട് അകലെയാണെന്നും ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ച ഫൈസല്‍ കോട്ടയം പറഞ്ഞു. ധര്‍മ്മവും നീതിയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. മദ്യം വിതക്കുന്ന ദുരന്തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കൃത്യമായി ചൂണ്ടിക്കാണിച്ചു. ആഘോഷ വേളകള്‍ ഇത്തരം ദൂഷ്യങ്ങളുടെ വ്യാപനത്തിന് നിമിത്തമാവുന്നത് അത്യന്തം വേദനാജനകമാണ്. ചെകുത്താന്റെ നാടായി മാറിയ കേരളത്തെ ദൈവത്തിന്റെ നാട് എന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് ആവശ്യമുണര്‍ന്നു. മുഹമ്മദ് സാലിഹ് ഖിറാ അത്ത് നിര്‍വഹിച്ചു. സുബൈര്‍ പുല്ലാളൂര്‍, ജോഷി ബാഷ എന്നിവര്‍ അവതരിപ്പിച്ച ഐസ് ബ്രേക്കിംഗ് ആസ്വാദ്യകരമായി.

അംജദ് കോട്ടയം, മുഹമ്മദലി, ജയരാജ് തെക്കെപ്പള്ളി, കൃഷ്ണകുമാര്‍, വേണുഗോപാലന്‍ നായര്‍, ബോബിന്‍ അലക്സ് എന്നിവര്‍ക്ക് പുറമെ സദസും ചര്‍ച്ചയില്‍ പങ്കെടുത്തു. ഷബീര്‍ ചാത്തമംഗലം മോഡററ്റര്‍ ആയിരുന്നു. രാജു നായിഡുവും സംഘവും ഗാനം ആലപിച്ചു. റൌഫ് ചാവക്കാട് കവിത ആലപിച്ചു. എ.സി.എം ബഷീര്‍ സ്വാഗതം പറഞ്ഞു. സഗീര്‍ ശാന്തപുരം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം