ഹജ്ജ് സേവനത്തിനായി സൌദി കെഎംസിസിയുടെ രണ്ടായിരത്തോളം വോളന്റിയര്‍മാര്‍
Monday, September 15, 2014 9:16 AM IST
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഹജ്ജിനെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് സേവനം ചെയ്യാന്‍ രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ രംഗത്തുണ്ടാവുമെന്ന് കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പി.ടി.മുഹമ്മദ്, ആക്ടിംഗ് സെക്രട്ടറി ബഷീര്‍ മൂന്നിയൂര്‍ എന്നിവര്‍ അറിയിച്ചു. സൌദി കെഎംസിസിയുടെ ഹജ്ജ് സെല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ്കുട്ടിയുടേയും ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപ്പൊയിലിന്റേയും ട്രഷറര്‍ അഹമ്മദ് പാളയാട്ടിന്റേയും നേതൃത്വത്തില്‍ മുന്നൊരുക്കം തുടങ്ങിയതായി നേതാക്കള്‍ അറിയിച്ചു. സൌദിയുടെ വിവിധ ഭാഗങ്ങളില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഹജ്ജ് സെല്‍ ഘടകങ്ങളില്‍നിന്ന് വോളന്റിയര്‍മാര്‍ ദുല്‍ഹജ്ജ് ഒമ്പതിന് മക്കയിലെത്തും. ജിദ്ദയിലും മക്കയിലും മദീനയിലുമെത്തിക്കൊണ്ടിരിക്കുന്ന തീര്‍ഥാടകരെ സ്വീകരിക്കാനും സേവനങ്ങള്‍ ചെയ്യാനും ആ മേഖലയിലെ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വോളന്റിയര്‍മാര്‍ ഇപ്പോള്‍ തന്നെ സജീവമായി രംഗത്തുണ്ട്.

ഹറം വികസന പ്രവര്‍ത്തനങ്ങള്‍ കാരണം തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്െടങ്കിലും വോളന്റിയര്‍ സേവന മേഖല വിപുലപ്പെടുത്തും. സൌദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലുള്ള സെന്‍ട്രല്‍ കമ്മിറ്റികള്‍ കൂടുതല്‍ വോളന്റിയര്‍മാരെ കണ്െടത്തി മുന്‍കൂട്ടി പരിശീലനം നല്‍കി വരികയാണ്. ജിദ്ദ, മദീന വിമാനത്താവളങ്ങിലും മക്ക, മദീന ഹറമുകള്‍ക്ക് സമീപവും മിനയിലും ഹാജിമാരുടെ താമസ സ്ഥലങ്ങളിലും കെഎംസിസി വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. മശാഇര്‍ ട്രെയിനിനകത്തും റെയില്‍വെ സ്റേഷനുകളിലും മുന്‍വര്‍ഷങ്ങളെപ്പോലെ ദുല്‍ഹജ്ജ് ഒമ്പതു മുതല്‍ വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കും. സൌദി കെഎംസിസിയുടെ ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുമെന്നും ഹജ്ജ് സെല്ലിന് കീഴില്‍ ദുല്‍ഹജ്ജ് ഒമ്പതു മുതല്‍ 13 വരെ മിന, അറഫ, മുസ്ദലിഫ, അസീസിയ്യ, മക്ക മസ്ജിദുല്‍ ഹറം പരിസരങ്ങളിലും വോളന്റിയര്‍ സേവനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ അതാത് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന സെപ്റ്റംബര്‍ 20 നുള്ളില്‍ രജിസ്റര്‍ ചെയ്യണമെന്നും നേതാക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍