ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Monday, September 15, 2014 4:29 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) കാക്കിയാട്ട് എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമുചിതമായി ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വിവിധ കലാപരിപാടികള്‍ നടന്നു.

ചെണ്ടമേളവും താലപൊലിയും ആര്‍പ്പും കുരവയുമായി മാവേലി തമ്പുരാനെ എതിരേറ്റ് വേദിയിലേക്ക് ആനയിച്ചു. മാവേലിയായി രംഗത്തെത്തിയ തമ്പി പനക്കല്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ലൈസി അലക്സിന്റെ നേതൃത്വത്തിലുള്ള തിരുവാതിരയും നൃത്ത ശില്പവും അരങ്ങേറി. പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ സ്വാഗതം ആശംസിക്കുകയും ഏവര്‍ക്കും ഓണത്തിന്റെ സര്‍വ മംഗളങ്ങളും നേര്‍ന്നു.

മുഖ്യാതിഥിയായി എത്തിയ റോക്ക്ലാന്‍ഡ് കൌണ്ടി എക്സിക്യൂട്ടീവ് എഡ്വിന്‍ ജെ ഡേ ഏവര്‍ക്കും ഓണം ആശംസിച്ചു. മലയാളികളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരാളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി.പി. മേനോന്‍ ഓണസന്ദേശം നല്‍കുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. ജാതി, മത ഭേദമെന്യേ ഒരു മേല്‍ക്കൂരയ്ക്കു താഴെ എല്ലാവരെയും സംഘടിപ്പിക്കുവാന്‍ മലയാളി അസോസിയേഷനുകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. സെക്രട്ടറി ജയപ്രകാശ് നായര്‍, വി.പി. മേനോനെ സദസിനു പരിചയപ്പെടുത്തി. ഫൊക്കാനയെ പ്രതിനിധീകരിച്ച് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ആശംസ നേര്‍ന്നു പ്രസംഗിച്ചു.

ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ കുര്യാക്കോസ് തരിയന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും ഐശ്വര്യപൂര്‍ണമായ ഒരു ഓണം ഏവര്‍ക്കും നേരുകയും ചെയ്തു.

കേരള ജ്യോതിയുടെ ഈ വര്‍ഷത്തെ രണ്ടാം പതിപ്പ്, ഫൊക്കാനയുടെ അനിഷേധ്യ നേതാവായ ടി.എസ്. ചാക്കോ ഒരു കോപ്പി മുഖ്യാതിഥിയായ വി.പി. മേനോന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ട്രഷറര്‍ മത്തായി പി. ദാസ് അനുമോദിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് ബോസ് കുരുവിളയ്ക്കും മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാന്‍ ഇന്നസന്റ് ഉലഹന്നാനും പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളിയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിയായ പി.ടി. തോമസ്, വരുന്ന ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പില്‍ എല്ലാ മലയാളികളുടെയും സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സംസാരിച്ചു.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു. അതില്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍ നടന്ന വള്ളം കളി എടുത്തു പറയേണ്ടിയിരിക്കുന്നു.

അജിന്‍ ആന്റണി, ലൈസി അലക്സ്, അലക്സ് ഏബ്രഹാം, ശില്പാ രാധാകൃഷ്ണന്‍, അമാന്റാ കടന്തോട്ട് എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ഇലക്ട് ഷാജി വെട്ടത്തിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടിക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍