ശാന്തകുമാരി മേയര്‍, രംഗണ്ണ ഡെപ്യൂട്ടി മേയര്‍
Saturday, September 13, 2014 9:19 AM IST
ബാംഗളൂര്‍: മൂഡാലപ്പാളയയിലെ കോര്‍പറേറ്റര്‍ എന്‍. ശാന്തകുമാരി ബാംഗളൂര്‍ നഗരത്തിന്റെ 48-ാമത് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 49-ാമത് ഡെപ്യൂട്ടി മേയറായി കാമാക്ഷിപാളയയിലെ കോര്‍പറേറ്റര്‍ കെ.രംഗണ്ണയും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്കു മൃഗീയഭൂരിപക്ഷമുള്ള കോര്‍പറേഷന്‍ കൌണ്‍സിലില്‍ ഏകകണ്ഠേനയായിരുന്നു ഇരുവരുടെയും തെരഞ്ഞെടുപ്പ്.

ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പുതിയ മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. അതേസമയം, 43കാരിയായ ശാന്തകുമാരിയ്ക്കെതിരേ അനധികൃത സ്വത്തു കേസില്‍ ലോകായുക്ത അന്വേഷണം നടക്കുന്നത് ബിജെപിയെ കുഴയ്ക്കുന്നുണ്ട്. മേയര്‍സ്ഥാനത്തേക്ക് ശാന്തകുമാരിക്കുവേണ്ടി മുന്‍ മന്ത്രി വി.സോമണ്ണയും ജെപി പാര്‍ക്കില്‍നിന്നുള്ള കോര്‍പറേറ്റര്‍ ബി.ആര്‍.നഞ്ചുണ്ടപ്പയ്ക്കുവേണ്ടി മുന്‍ ഉപമുഖ്യമന്ത്രി ആര്‍.അശോകും രംഗത്തുവന്നതോടെയാണ് തര്‍ക്കം നീണ്ടത്. അവസാനനിമിഷംവരെ നഞ്ചുണ്ടപ്പയുടെ പേരാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, പിന്നോക്ക വിഭാഗമായ കുറുബ സമുദായക്കാരിയായ ശാന്തകുമാരിക്കുവേണ്ടി സോമണ്ണ ശക്തമായി നിലകൊണ്ടതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വഴിക്കായി. മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഇടപെട്ടതോടെയാണ് സമവായത്തിന് മറുപക്ഷം തയാറായത്. 2004-05 വര്‍ഷത്തില്‍ ഡെപ്യൂട്ടി മേയറായിരുന്നു ശാന്തകുമാരി. വിവിധ സ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നഗരസഭയുടെ കാലാവധി അടുത്ത വര്‍ഷം ഏപ്രിലില്‍ അവസാനിക്കാനിരിക്കെ പുതിയ മേയറുടെയും ഡെപ്യൂട്ടിമേയറുടെയും പ്രവര്‍ത്തന കാലയളവ് കേവലം 18 മാസം മാത്രമാണ്.