'പ്രവാസികള്‍ ആയുധമില്ലാത്ത ഭടന്മാര്‍'
Saturday, September 13, 2014 9:12 AM IST
ദമാം: ജനാധിപത്യ സംവിധാനത്തില്‍ വോട്ടവകാശമില്ലാത്തവര്‍ ആയുധമില്ലാത്ത ഭടന്മാരെ പോലെ ആണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേന്ദ്ര കൂടിയാലോചന സമിതിയംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. കൂട്ടില്‍ മുഹമ്മദലി. ദമാം കോബാര്‍ മേഖല അഡഹോക് കമ്മിറ്റികള്‍ സംയുക്തമായി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യ ഇത്ര കണ്ടു വികസിച്ച ഇക്കാലത്ത് അധികാരികള്‍ക്ക് ആത്മാര്‍ഥത ഉണ്െടങ്കില്‍ ഇത് നടപ്പാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടവകാശം ഇല്ലാത്തതുകൊണ്ടാണ് പ്രവാസികളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ലാത്തത്. അത് നേടിയെടുക്കാന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി പെന്‍ഷന്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണം. മുഴുവന്‍ ബാധ്യതയും സര്‍ക്കാര്‍ വഹിക്കാത്ത കൊണ്‍ട്രിബ്യൂട്ടറി സംവിധാനത്തില്‍ ഇത് സാധ്യമാക്കാവുന്നതാണ്. വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിയില്‍ ഗണ്യമായ പങ്ക് വഹിച്ച പ്രവാസി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ അവഗണന തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപെട്ടു.

പ്രവാസി സാംസ്കാരിക വേദി അല്‍കോബാര്‍ മേഖല അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ഷാജഹാന്‍ സ്വാഗതം പറഞ്ഞു. ദമാം അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ പൊന്നാനി നന്ദി പറഞ്ഞു. രാജു നായിഡു, അഷ്റഫ് കുറ്റ്യാടി, രാജന്‍ പി. നായര്‍, ജയേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം