കേരള ഹിന്ദു സൊസൈറ്റി ഓണാഘോഷം ഉജ്ജ്വലമായി
Saturday, September 13, 2014 9:08 AM IST
ടെക്സസ്: കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷം നിറപകിട്ടാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് ഉജ്ജ്വലമാക്കി.

കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ഓന്നാം ഘട്ടമായി പൂര്‍ത്തീകരിച്ച സ്പിരിച്വല്‍ ഹാളിലാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വന്തമായ കെട്ടിടത്തില്‍ തന്നെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നടത്തുവാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ആമുഖ പ്രസംഗത്തില്‍ കെഎച്ച്എസ് പ്രസിഡന്റ് ശാമള നായര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ മുതല്‍ വമ്പിച്ച ജനാവലിയാണ് ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും പുതിയ കെട്ടിടം കാണുന്നതിനും എത്തി ചേര്‍ന്നത്. കെഎച്ച്എസ് ചെണ്ട ടീമിന്റേയും താലമേന്തിയ യുവതികളുടേയും പട്ടു കുടകളുടേയും അകമ്പടിയോടെയാണ് മഹാബലിയുടെ എഴുന്നളളത്ത് ഭക്തജനങ്ങള്‍ ആസ്വദിച്ചത്. തിരുവാതിര കളിയും വളളംകളിയും ആഘോഷങ്ങള്‍ക്ക് മോടി കൂട്ടി. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ഡോ. എം.വി. പിളള ഓണസന്ദേശം നല്‍കി. ഓണത്തിന്റെ സന്ദേശം വിളിച്ചോതുന്ന സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

ഓണാഘോഷങ്ങള്‍ക്കുശേഷം ഓണവിഭവങ്ങള്‍ ഉള്‍പ്പെടുത്തി വാഴയിലയില്‍ വിളമ്പിയ ഓണസദ്യയും ആസ്വദിച്ചാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്.

ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹാശിസുകളും പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനവും കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിനും പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചതെന്നും ട്രസ്റ്റി ചെയര്‍മാന്‍ ശ്രീവിലാസ് കുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍