ഫിലാഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നടത്തി
Saturday, September 13, 2014 9:08 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള സംയുക്ത കണ്‍വന്‍ഷന്‍ ഹാട്ബറോയിലുളള സിഎസ്ഐ ക്രൈസ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ ദേവാലയത്തില്‍ സംഘടിപ്പിച്ചു.

വൈറ്റ് പ്ളെയിന്‍സ് സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. പൌലോസ് പീറ്ററാണ് മുഖ്യപ്രാസംഗികനായി പങ്കെടുത്തത്. വേദപുസ്തകത്തിലെ വിശുദ്ധ പൌലോസ് അപ്പോസ്തോലന്റ് സുവിശേഷത്തെ അധികരിച്ച് കുടുംബ ജീവിതത്തിലെ സമാധാനം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രതിപാദിക്കുകയും മനോഹരമായ ഉപമകളാലും കഥകളാലും ലളിതമായ ഭാഷയില്‍ അര്‍ഥസമ്പുഷ്ടമായി പ്രസംഗിച്ചു. പ്രഭാഷണത്തിലുടനീളം കുടുംബാംങ്ങള്‍ക്കിടയില്‍ ഭിത്തികള്‍ തീര്‍ത്ത് അതിര്‍വരമ്പുകള്‍ നിശ്ചയിക്കരുതെന്നും കൂടുമ്പോള്‍ ഉണ്ടാകുന്ന ഇമ്പമാണ് കുടുംബം എന്നും അതിലൂടെ കിട്ടുന്ന സമാധാനവും സന്തോഷവും എന്നും നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ആരോഗ്യകരമായ സമൂഹത്തിനെ കെട്ടിപെടുക്കാനാകുകയുളളുവെന്നും അച്ചന്‍ ഓര്‍മിപ്പിച്ചു.

ലോകാരംഭം മുതലുളള ചരിത്രത്തിലേക്കു നാം ഒന്നു വേഗത്തില്‍ കണ്ണോടിച്ചാല്‍ ജറുസലേം ദേവാലയത്തിലെ കപട ഭിത്തികള്‍ പോലും യേശുക്രിസ്തു തകര്‍ത്തു കളഞ്ഞ ചരിത്രം വേദപുസ്തകത്തില്‍ നിന്നും നമുക്ക് മനസിലാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

40 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസവും വളരെക്കാലം യുണൈറ്റഡ് നേഷന്‍സില്‍ ഉയര്‍ന്ന തലത്തിലെ ഉദ്യോഗത്തിനുശേഷം വിരമിക്കുകയും ചെയ്തു. അമേരിക്കയിലെ പ്രമുഖവും തഴക്കവുമുളള ഫിലാഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും തനിക്ക് ഇതിനവസരം ഒരുക്കിയ ഫെലോഷിപ്പിന്റെ എല്ലാ ഭാരവാഹികളോടും നന്ദി അറിയിച്ചാണ് അദ്ദേഹം പ്രസംഗം പര്യവസാനിപ്പിച്ചത്.

അയ്യായിരത്തിലധികം കുടുംബങ്ങള്‍ 21 ദേവാലയങ്ങളിലായിട്ടുളള എക്യുമെനിക്കല്‍ ഫെലോഷിപ്പ് 28-ാമത് വര്‍ഷത്തിലാണ് എത്തിനില്‍ക്കുന്നത്. കണ്‍വന്‍ഷനിലുടനീളം എക്യുമെനിക്കല്‍ ഗായക സംഘാങ്ങള്‍ തോമസ് ഏബ്രഹാം (ക്വയര്‍, ലീഡര്‍) വിജു ജയ്ക്കബ് (കീ ബോര്‍ഡ്) എന്നിവരുടെ നേതൃത്വത്തില്‍ ശ്രുതി മധുരമായ ഗാനങ്ങളാലപിക്കുകയും ചെയ്തു.

ഫാ. ഡെന്നിസ് ഏബ്രഹാം (റിലിജിയസ് കോഓര്‍ഡിനേറ്റര്‍), സ്വാഗതമാശംസിച്ചു. ഫാ. ഷാജി ഈപ്പന്‍ (ചെയര്‍മാന്‍) ആമുഖ പ്രസംഗം നടത്തി. ആനി മാത്യു (സെക്രട്ടറി) നന്ദി പ്രകാശിപ്പിച്ചു.

പെന്‍സില്‍വേനിയ സിഎസ്ഐ ക്രൈസ്റ് ചര്‍ച്ച് വികാരി ഫാ. സന്തോഷ് മാത്യു ഏവര്‍ക്കും അതിലും ഉപരി എക്യുമെനിക്കല്‍ ഫെലോഷിപ്പ് ദേവാലയത്തില്‍ വച്ച് സുവിശേഷയോഗം നടത്തിയതിനോടുളള നന്ദി അറിയിച്ചു. ഫാ. എം. കെ. കുര്യാക്കോസ് ആശീര്‍വാദം നല്‍കി.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്