ഇര്‍വിംഗില്‍ മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ഒക്ടോബര്‍ രണ്ടിന്
Saturday, September 13, 2014 9:07 AM IST
ഇര്‍വിംഗ്: ഇര്‍വിംഗ് തോമസ് ജെഫേഴ്സണ്‍ പാര്‍ക്കില്‍ സ്ഥപിച്ചിരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പ്രതിമയുടെ അനാഛാദനം ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ സൌത്ത് കരോലിനാ ഗവര്‍ണര്‍ നിക്കി ഹെയ്ലി നിര്‍വഹിക്കുമെന്ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ് സ്റ്റിയറിംഗ്് കമ്മിറ്റി പ്രസിഡന്റ് ഡോ. പ്രസാദ് തൊട്ടകൂറ അറിയിച്ചു.

ജനുവരിയില്‍ സിറ്റി ഓഫ് ഇര്‍വിംഗാണ് പ്രതിമ സ്ഥാപിക്കുന്നതിനുളള സ്ഥലം അനുവദിച്ചത്. മേയ് മൂന്നിന് മെമ്മോറിയല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തി. പതിനെട്ട് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പച്ച പുല്‍ത്തകിടിയും തടാകങ്ങളും വൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന ജെഫേഴ്സണ്‍ പാര്‍ക്കില്‍ ഏഴടി ഉയരവും 30 ഇഞ്ച് വ്യാസവും 1,500 പൌണ്ട് തൂക്കവുമുളള ഓട്ട് ലോഹത്തില്‍ (ബ്രോണ്‍സ്) മനോഹരമായി വാര്‍ത്തെടുത്ത പ്രതിമയാണ് സ്ഥാപിക്കുന്നത്. 700,000 ഡോളറാണ് പദ്ധതിക്കായി ചെലവിട്ടതെന്ന് ഡോ. പ്രസാദ് പറഞ്ഞു.

പ്രതിമയുടെ അനാച്ഛാദന ചടങ്ങുകളോടെ ഡാളസ് ഫോര്‍ട്ട്വര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍കാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ നിര്‍മാണം നാഷണല്‍ അവാര്‍ഡ് ജേതാവ് ആന്ധ്രാ സംസ്ഥാനത്തെ വിജയവാഡയില്‍ നിന്നുളള ബുറ വരപ്രസാദാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡോ. പ്രസാദ് തോട്ടക്കുറ (ചെയര്‍), റ്റെയ്മ്പ് കുണ്‍സവാല (കോ.ചെയര്‍), സ്വാറ്റിഷാ, റാവു കല്‍വാല (സെക്രട്ടറി), ദിലിപ് പട്ടേല്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന സ്റിയറിംഗ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍