ലാസ്വേഗസില്‍ ത്രിദിന ഓണാഘോഷവും പൊതുതെരഞ്ഞെടുപ്പും
Friday, September 12, 2014 8:17 AM IST
ലാസ്വേഗസ്: ലാസ്വേഗസിലെ കേരള അസോസിയേഷന്‍ 2014 ലെ ഓണാഘോഷം മൂന്നു ദിവസമായി കൊണ്ടാടുന്നു. ആഘോഷത്തിന്റെ പ്രഥമ ദിനം കഴിഞ്ഞ വെളളിയാഴ്ച നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് ആയിരുന്നു. ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് മാത്യുവിന്റെ മേല്‍നോട്ടത്തില്‍ ഹെന്‍ഡേര്‍സനിലെ സാ-ന്റി റിഡ്ജ് പാര്‍ക്കില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് വാശിയേറിയ മത്സരമാണ് കാഴ്ച്ചവച്ചത്. രണ്ടിനെതിരെ മൂന്ന് ഗെയിംസ് നേടി ഡോ. തോംസണ്‍ ചെമ്പ്ളാവിലിന്റെ ടീം വാശിയേറിയ മത്സരത്തിനൊടുവില്‍ സന്തോഷ് മാത്യുവിന്റെ ടീമിനെ പരാജയപ്പെടുത്തി.

സെപ്റ്റംബര്‍ 13 ന് (ശനി) വൈകിട്ട് 4.30 ന് ഓണം പിക്നിക്, ഓണസദ്യ, കായിക മത്സരങ്ങള്‍ തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് ഹെന്‍ഡേര്‍സണിലെ കോര്‍ണര്‍ സ്റ്റോണ്‍ പാര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ തനതായ ഓണ വിഭവങ്ങള്‍ ഈ വര്‍ഷത്തെ ഓണസദ്യ സ്വാദുറ്റതാക്കും. ഈ വര്‍ഷത്തെ കായിക മത്സരങ്ങളുടെ ചുമതല ജോയിന്റെ സെക്രട്ടറി സാജന്‍ ഏബ്രഹാമിനും ഓണ സദ്യയുടെ ചുമതല, പബ്ളിക് റിലേഷന്‍സ് ഷൂബി ഫ്രാസിസിനുമാണ്.

പൊതുയോഗവും തെരഞ്ഞെടുപ്പും: കായിക മത്സരങ്ങള്‍ക്കുശേഷം നടക്കുന്ന പൊതുയോഗത്തില്‍ സെക്രട്ടറി ജോസ് ഓണാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ ജെസി ജെയിംസ് കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

ആഘോഷങ്ങളുടെ സമാപന സമ്മേളനം 14 ന് (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ ലാസ്വേഗാസിലെ ഫ്ളമിന്‍ഗോ ലൈബ്രറി തിയേറ്ററില്‍ നടക്കും. ലാസ്വേഗസിലെ പ്രായ ഭേദമെന്യേയുളള മലയാളി പ്രതിഭകള്‍ അവതരിപ്പിക്കുന്ന തിരുവാതിര, വിവിധയിനം നൃത്തങ്ങള്‍, സംഗീതം, സ്കിറ്റുകള്‍ തുടങ്ങി വര്‍ണാഭമായ കലാപരിപാടികള്‍ ഈ വര്‍ഷത്തെ ഓണാഘോഷം മികവുള്ളതാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബി പോള്‍ (പ്രസിഡന്റ്) 702 524 7193, ജോസ് ഓണാട്ട് (സെക്രട്ടറി) 702 427 5824, ജോണ്‍ ചെറിയാന്‍ (വൈസ് പ്രസിഡന്റ്) 702 702 238 5868, ജെസി ജെയിംസ് (ട്രഷറര്‍) 702 247 9544, ജെസി പോള്‍ (കള്‍ച്ചറല്‍ സെക്രട്ടറി) 702 883 0356.

റിപ്പോര്‍ട്ട്: ജോണ്‍ ജോര്‍ജ്