'ആത്മഹത്യാ പ്രതിരോധത്തിന് ആഗോള കൂട്ടായ്മ പ്രധാനം'
Friday, September 12, 2014 7:15 AM IST
ദോഹ: ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യതയാണെന്നും ആഗോള കൂട്ടായ്മയിലൂടെ ആത്മഹത്യ ഒരു പരിധി വരെ പ്രതിരോധിക്കാനാകുമെന്നും ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ദോഹയില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വ്യക്തി തലത്തിലും സമൂഹതലത്തിലും യുക്തമായ ഇടപെടലുകളിലൂടെ ആരോഗ്യകരമായ മാറ്റം സാധ്യമാകുമെന്ന് മാത്രമല്ല സമൂഹത്തില്‍ നല്ല ചലനങ്ങളുണ്ടാക്കുമെന്നും പ്രസംഗകര്‍ പറഞ്ഞു.

തെരക്കുപിടിച്ച ഓട്ടത്തിനിടയില്‍ മാനുഷികവും സാമൂഹികവുമായ പരിസരങ്ങള്‍ നഷ്ടപ്പെടുന്നതും പണത്തിന് പിന്നാലെ പായുന്നതും മനുഷ്യന് മനഃസമാധാനം നഷ്ടപ്പെടുത്തുകയും ആത്മഹത്യപോലുള്ള തിന്മകളിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മലയാളം വിഭാഗം മേധാവിയും പരിശീലകനുമായ മൂസക്കോയ നടുവണ്ണൂര്‍ പറഞ്ഞു. പണമോ പത്രാസോ അല്ല മനഃസമാധാനമാണ് മനുഷ്യന് വേണ്ടത്. പണത്തിന് പിന്നാലെ പായുമ്പോള്‍ ആദായമില്ലാത്തതൊക്കെ ഉപേക്ഷിക്കുകയെന്ന അവസ്ഥയിലേക്കെത്തുന്നതാണ് കേരളത്തിന്റെ ഗ്രാമങ്ങളില്‍പോലും വൃദ്ധ സദനങ്ങള്‍ പെരുകുന്നതിന് കാരമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലാം പണം കൊടുത്ത് വാങ്ങാനാവുകയില്ലെന്നും ബന്ധങ്ങളും സൌഹൃദങ്ങളും ജീവിതത്തില്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മേല്‍ത്തരം കട്ടിലും ബെഡും ഒരു പക്ഷേ നമുക്ക് പണം കൊടുത്ത് വാങ്ങാന്‍ കഴിയും. എന്നാല്‍ ഉറക്കം പണം കൊടുത്ത് വാങ്ങാനാവില്ല. തൃപ്തി, സന്തോഷം മുതലായവയും പണം കൊടുത്ത് വാങ്ങാനാവില്ല.

കുട്ടികളെ പണം കായ്ക്കുന്ന യന്ത്രങ്ങളായി കാണാതെ നല്ല മനുഷ്യരാക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ പോലും കിടമല്‍സരത്തിനിടയില്‍ സ്നേഹം, കടപ്പാട്, സഹതാപം തുടങ്ങിയ വികാരങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ കുട്ടികള്‍ സമ്മര്‍ദ്ധങ്ങളിലകപ്പെടുകയും പ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയേണ്ടതുണ്ട്.

കുട്ടികളുടേയും മുതിര്‍ന്നവരുടേയും തെറ്റുകള്‍ ആഘോഷിക്കാതെ പരസ്പര സ്നേഹബഹുമാനങ്ങളോടെ തിരുത്താനുള്ള സന്മനസാണ് സമൂഹത്തില്‍ വളരേണ്ടത്. ഗള്‍ഫിലെ കുട്ടികള്‍ക്ക് ജീവിതത്തിന്റെ തീവ്രമായ അനുഭവങ്ങളില്ലാത്തത് പ്രതിബന്ധങ്ങള്‍ തരണം ചെയ്യല്‍ ബുദ്ധിമുട്ടാക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വികാരങ്ങളും വിചാരങ്ങളും തുറന്ന് പങ്കുവയ്ക്കുവാനുളള അവസരങ്ങളും സാധ്യതയും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൌമാരക്കാരിലെ ആത്മഹത്യാ പ്രവണത നിയന്ത്രിക്കുവാന്‍ രക്ഷിതാക്കളും സമൂഹവും ഒരു പോലെ ശ്രദ്ധിക്കമെന്ന് ഫാമിലി കൌണ്‍സിലറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. മുഹമ്മദ് യാസര്‍ പറഞ്ഞു. കുട്ടികളെ എല്ലാറ്റിനും കുറ്റപ്പെടുത്താതെ അവരുടെ കഴിവുകളെ അംഗീകരിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുക എന്നതാണ് അഭികാമ്യം. ജീവിത യാഥാര്‍ഥ്യങ്ങളും ശരിയായ നിലയുമൊക്കെ ബോധ്യപ്പെടുത്തി കുട്ടികളെ വളര്‍ത്തുമ്പോള്‍ അവര്‍ മാനസികമായും ശക്തരാകുമെന്നാണ് ഗവേഷകരുടെ അനുഭവവമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും കൌമാരക്കാരായ കകുട്ടികള്‍ക്ക് വര്‍ഷത്തിലൊരിക്കലെങ്കിലും കൌണ്‍സിലിംഗ് നല്‍കുകയും ചെയ്താല്‍ ആത്മഹത്യകള്‍ പ്രതിരോധിക്കാനാകുമെന്ന് നീരജ് ഫൌണ്േടഷന്‍ ചെയര്‍മാന്‍ ജോസ് ഫിലിപ്പ് പറഞ്ഞു. ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുകയും ആത്മാര്‍ഥമായ സൌഹൃദ കൂട്ടായ്മകളും സ്നേഹ ചങ്ങലയും തീര്‍ത്താല്‍ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്െടന്നും കാരണമറിഞ്ഞുകൊണ്ടുള്ള സമീപനത്തിന് മാത്രമേ ഫലമുണ്ടാവുകയുള്ളൂവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് പറഞ്ഞു. ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും തീര്‍ക്കുന്ന സമ്മര്‍ദ്ധങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും ഇതില്ലാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ധം, നിരാശ, ജീവിതവീക്ഷണമില്ലായ്മ, ശാരീരികവും മാനസികവുമായ രോഗങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും ആത്മഹത്യയിലേക്കെത്തിക്കാമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഐസിബിഎഫ്് പ്രസിഡന്റ് കരീം അബ്ദുള്ള, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ധീപ്, ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ വനിതാ വിഭാഗം പ്രതിനിധി ബിന്ധു ആര്‍. തമ്പി, കള്‍ച്ചറല്‍ ഫോറം പ്രതിനിധി സുഹൈല്‍ ശാന്തപുരം, കെ.പി. അബ്ദുള്‍ ഹമീദ്, ടി.എം. കബീര്‍, അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി എന്നിവര്‍ പ്രസംഗിച്ചു. ജയന്‍ ഓര്‍മയുടെ ആത്മഹത്യാ പ്രതിരോധ മാജിക് പരിപാടിക്ക് കൊഴുപ്പേകി.

മീഡിയ പല്‍സ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മീഡിയ പള്‍സും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റഫീഖ് മേച്ചേരി നന്ദി പറഞ്ഞു.