കോടതിവിധിയെക്കാള്‍ കൂടുതല്‍ കാലം ജയില്‍ വാസം അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി
Friday, September 12, 2014 7:09 AM IST
ജിദ്ദ: കോടതി വിധിയെക്കാള്‍ കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിച്ച 13 പേര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിനെതിരെ നല്‍കിയ പരാതിയില്‍ 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ റിയാദിലെ പ്രത്യേക കോടതി വിധിച്ചതായി സൌദി നീതിന്യായ മന്ത്രാലയ വാക്താവ് ഫഹദ് ബിന്‍ അബ്ദുള്ള അല്‍ ബുര്‍കാന്‍ അറിയിച്ചു.

കോടതി വിധിയെക്കാള്‍ കുടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് നഷ്ട പരിഹാരമായി കോടതി വിധിച്ച പരമാവധി തുക 20ലക്ഷം റിയാലും കുറഞ്ഞ തുക 59,200 റിയാലുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലു പ്രതിക്ക് കോടതി വിധിയെക്കാള്‍ കുടുതല്‍ കാലം ശിക്ഷ അനുഭവിക്കുകയോ അകാരണമായി കസ്റഡിയില്‍ വയ്ക്കുകയോ ദേഹോദ്രവം ഏല്‍പ്പിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് അവകാശ മുണ്ടായിരിക്കുമെന്ന് ശിക്ഷാ നിയമം 210 -ാമത് വകുപ്പില്‍ വ്യക്തമാക്കുന്നുണ്ടന്ന് നീതിന്യായ മന്ത്രാലയ വാക്താവ് ഫഹദ് ബിന്‍ അബ്ദുള്ള അല്‍ ബുക്റാന്‍ അറിയിച്ചു.

കോടതി വിധിക്കെതിരെ കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നതിന് ആഭ്യന്തര മന്ത്രാലയത്തിനെതിരെ ആദ്യ കോടതി വിധി വന്നത് 2013 ജനുവരി 27നായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം ഘട്ടങ്ങളില്‍ കോടതിയില്‍ പോവാതെ തന്നെ ആഭ്യന്തര മന്ത്രാലയം നഷ്ടപരിഹാരം നല്‍കാറുണ്ട്. എന്നാല്‍ ഇവ നിരസിക്കാനും പ്രത്യേക കോടതിയില്‍ പോവാനും വ്യക്തിക്ക് അവകാശമുണ്ടായിരിക്കും. ഈ കേസുകളില്‍ വ്യക്തിക്ക് സ്വന്തമായി വാദിക്കാനും വക്കീലിനെ ഏല്‍പ്പിക്കുകയോ ചെയ്യാം. നീതിന്യായ മന്ത്രാലയം മുഖേനയാണ് കോടതിയെ സമീപിക്കുന്നതെങ്കില്‍ വക്കീല്‍ ഫീസും മറ്റും മന്ത്രാലയം വഹിക്കുമെന്ന് അല്‍ ബുക്റാന്‍ അറിയിച്ചു. തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് കോടതി ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം വിധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം