നിതാഖാത്ത്: ചുവപ്പില്‍ പെട്ട രണ്ടു ലക്ഷം സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടി
Friday, September 12, 2014 7:09 AM IST
ദമാം: സൌദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചുവപ്പ് വിഭാഗത്തില്‍ പെട്ടുപോയ രണ്ടു ലക്ഷം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2,00118 സ്ഥാപനങ്ങള്‍ ചുവപ്പ് വിഭാഗത്തില്‍ പെട്ടതിനാല്‍ 2013ല്‍ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 17,78,985 സ്ഥാപനങ്ങളാണ് സൌദിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിതാഖാത്ത് പ്രകാരമുള്ള സ്വദേശി വത്കരണ തോത് നടപ്പാക്കാത്തതിനാലാണ് കമ്പനികളും സ്ഥാപനങ്ങളും ചുവപ്പ് വിഭാഗത്തില്‍ പെട്ട് അടച്ചുപൂട്ടേണ്ടി വന്നത്. സൌദിയിലെ 58.6 ശതമാനം സ്ഥാപനങ്ങളും ചെറുകിട വിഭാഗത്തിന്റെ ഗണത്തില്‍ പെടുന്നവയാണ്. ഈ സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ നിയമിച്ചാല്‍ മതിയാവും സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 180 വന്‍കിട കമ്പനികള്‍ ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ പെടുന്നവയാണ്. സൌദിയിലെ 15,23,152 സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തില്‍ പെടുന്നവയാണ്. ഈ സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്.

പത്തും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ 2,55,833 ആണ്. 14 ശതമാനം വരുമിത്. പത്തില്‍ താഴെയുള്ള ചെറുകിട സ്ഥാപനങ്ങള്‍ 15,23,152 എണ്ണമാണ്. 58.6 ശതമാനം വരുമിത് ഇവയെ വൈറ്റ് വിഭാഗത്തില്‍ പെടുന്നതായാണ് കണക്കാക്കുക.

സൌദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥയില്‍ ചുവപ്പ്, മഞ്ഞ. പച്ച, എക്സലന്റ് എന്നീ വിഭാഗങ്ങളായാണ് കമ്പനികളേയും സ്ഥാപനങ്ങളേയും തരം തിരിച്ചിരിക്കുന്നത്. 2013ല്‍ പച്ച വിഭാഗത്തെ കുറഞ്ഞ പച്ച, കുടിയ പച്ച. ഉയര്‍ന്ന പച്ച എന്നിങ്ങനെ മുന്നാക്കി തിരിച്ചു. കുടിയ പച്ചക്കും എക്സലന്റിനുമാണ് മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭിക്കുക. ചുവപ്പില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുര്‍ണമായും സേവനങ്ങള്‍ നിരസിക്കപ്പെടും. ഇതോടെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധതരാവുകയാണ് ചെയ്യുക.

അടുത്ത ഒക്ടോബര്‍ 25 മുതല്‍ സൌദിയില്‍ നാലുവര്‍ഷം പൂര്‍ത്തിയായ മഞ്ഞ വിഭാഗത്തില്‍ പെടുന്ന തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഒക്ടോബര്‍ 25 മുതല്‍ തന്നെ കുറഞ്ഞ പച്ചയിലേക്ക് സേവനമാറ്റവും പുതിയ വീസകളും നികഷേധിക്കപ്പെടുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം