പ്രമുഖരുടെ കാരിക്കേച്ചറുകളിലൂടെ ജോണ്‍ ആര്‍ട്സിനു റിക്കാര്‍ഡ്
Friday, September 12, 2014 2:26 AM IST
കൊച്ചി: പ്രമുഖ വ്യക്തികളുടെ കാരിക്കേച്ചറുകള്‍ തയാറാക്കി പ്രവാസി മലയാളി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി. 21 വര്‍ഷമായി കുവൈറ്റില്‍ കലാരംഗത്തു ജോലി ചെയ്യുന്ന എറണാകുളം തൃക്കാക്കര സ്വദേശി ജോണ്‍ ആര്‍ട്സ് കലാഭവനാണു കാരിക്കേച്ചറിലൂടെ റിക്കാര്‍ഡ് പുസ്തകത്തിലെത്തിയത്.

രാജ്യത്തിനകത്തും പുറത്തുമുള്ള നാനൂറിലധികം പ്രമുഖരുടെ കാരിക്കേച്ചറുകള്‍ വരച്ചു വിവിധ വേദികളില്‍ അവര്‍ക്കു സമ്മാനിച്ചിട്ടുണ്ട് ജോണ്‍. ഇത്രയും പ്രമുഖരുടെ കാരിക്കേച്ചറുകള്‍ വരച്ചു വേദികളില്‍ കൈമാറിയ ഇന്ത്യയിലെ ആദ്യത്തെ ചിത്രകാരന്‍ എന്ന നിലയിലാണു ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ജോണ്‍ ഇടം നേടിയിട്ടുള്ളത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ള, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് സഖാ പ്രഥമന്‍ ബാവ, പാണക്കാട് സയ്യിദലി ഷിഹാബ് തങ്ങള്‍, മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മുന്‍ മന്ത്രി ജി. സുധാകരന്‍, ഗായകന്‍ യേശുദാസ്, നടന്‍ സുരേഷ് ഗോപി, നടിമാരായ വിദ്യാ ബാലന്‍ തുടങ്ങി 430 പ്രമുഖര്‍ക്ക് ഇതുവരെ ജോണ്‍ കാരിക്കേച്ചറുകള്‍ വരച്ചുനല്‍കി.

കുവൈറ്റില്‍ 21 വര്‍ഷമായി ചിത്രകലാരംഗത്തുള്ള ജോണ്‍ അവിടത്തെ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍, കുവൈറ്റ് രാജകൊട്ടാരം എന്നിവിടങ്ങളില്‍ ചിത്രകാരനായി സേവനം ചെയ്തിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിനിടെ പ്രമുഖരായ വ്യക്തികളുടെ കുവൈറ്റ് സന്ദര്‍ശനവേളയിലാണ് അവരുടെ കാരിക്കേച്ചറുകള്‍ കൈമാറിയത്. ഇപ്പോള്‍ കുവൈറ്റിലെ അബ്ബാസിയയില്‍ ജോണ്‍ ആര്‍ട്സ് എന്ന പേരില്‍ ചിത്രകലാ പരിശീലന സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം.സത്യദീപം, കേരള ടൈംസ് എന്നിവയില്‍ ഇല്ലസ്ട്രേഷന്‍ ആര്‍ട്ടിസ്റായും സേവനം ചെയ്തിട്ടുണ്ട്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ജോണ്‍ ഇപ്പോള്‍ തൃക്കാരയയിലാണ് താമസം. കേരളത്തിലെ നിരവധി ദേവാലയങ്ങളില്‍ അള്‍ത്താര ചിത്രങ്ങള്‍ ഒരുക്കിയതിലൂടെയും അദ്ദേഹം ശ്രദ്ധ നേടി. കുവൈറ്റില്‍ നഴ്സായ മോളിയാണു ഭാര്യ. മക്കളായ ജോമോന്‍, ജോമിന്‍ എന്നിവരും ചിത്രകലയില്‍ പിതാവിന്റെ വഴികളെ അനുഗമിക്കുന്നു.