ഫ്രട്ടേണിറ്റി ഫോറത്തിന്റെ ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, September 11, 2014 8:04 AM IST
ജിദ്ദ: ഹജ്ജ് വോളന്റിയര്‍ സേവന രംഗത്ത് 10 വര്‍ഷം പിന്നിട്ട ഫ്രട്ടേണിറ്റി ഫോറത്തിന്റെ ഈ വര്‍ഷത്തെ വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഹാജിമാര്‍ക്ക് പ്രയാസരഹിതമായി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചുപോകുന്നതിന് സഹായകമാകുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 'ഹജ്ജ് സുരക്ഷാ ഗൈഡ്' നാട്ടില്‍ വിതരണം നടത്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഗൈഡിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഹജ്ജിന് വരുന്നവര്‍ക്കായി തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഹജ്ജ് ക്യാമ്പും നടത്തുകയുണ്ടായി. ഫ്രട്ടേണിറ്റി ഫോറം നേരിട്ട് സംഘടിപ്പിച്ച ക്യാമ്പുകള്‍ ജനസാന്നിധ്യം കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധേയമായി. ഹാജിമാര്‍ക്ക് ജിദ്ദയിലും മക്കയിലും മദീനയിലും ബന്ധപ്പെടാന്‍ ആവശ്യമായ ടെലഫോണ്‍ നമ്പരുകളും കൈമാറുകയുണ്ടായി.

മദീനയിലും മക്കയിലും ഫ്രട്ടേണിറ്റി വോളന്റിയര്‍ സേവന രംഗത്ത് സജീവമാണ്. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇറങ്ങിയതു മുതല്‍ മദീനയിലും ഹാജിമാര്‍ എത്തിയത് മുതല്‍ മക്കയിലും സേവനങ്ങള്‍ ആരംഭിച്ചു. ജിദ്ദ എയര്‍പോര്‍ട്ട് സേവനത്തിനാവശ്യമായ അനുമതിപത്രം ലഭ്യമായി. സെപ്റ്റംബര്‍ 10 മുതല്‍ എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിച്ചു.

ഹജ്ജ് ദിവസങ്ങളില്‍ മിനയിലേക്കുള്ള വോളന്റിയര്‍മാരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി വരുന്നു. അറഫയിലേയും മുസ്ദലിഫയിലെയും ആവശ്യം മനസിലാക്കികൊണ്ട് അവിടങ്ങളില്‍ കൂടുതല്‍ വോളന്റിയര്‍മാരെ വിന്യസിക്കും.

മിനയില്‍ പ്രത്യേക സേവനത്തിനായി ഈ പ്രാവശ്യവും വനിതാ വോളന്റിയര്‍മാര്‍ രംഗത്തുണ്ടാവും. കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകളും സേവന രംഗത്തേക്ക് കടന്നു വരുന്നുണ്ട്. സ്ത്രീകളുടെ ക്യാമ്പുകളില്‍ വനിതാ വോളന്റിയര്‍മാരുടെ സേവനം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. സ്റുഡന്റ്സ് ഫ്രട്ടേണിറ്റിയുടെ കീഴില്‍ ഇപ്രാവശ്യവും ജൂണിയര്‍ വോളന്റിയര്‍മാര്‍ രംഗത്തുണ്ടാവും. റെയില്‍വേ സ്റേഷനുകളില്‍ അവരുടെ സേവനം കഴിഞ്ഞ വര്‍ഷം റെയില്‍വേ അധികൃതരുടെ പ്രശംസ നേടുകയുണ്ടായി.

ഇന്ത്യന്‍ ഹജ്ജ് മിഷനുവേണ്ടി മിനയുടെ മാപ്പ് തയാറാക്കി നല്‍കുന്നത് ഫ്രട്ടേണിറ്റി ഫോറമാണ്. മിനയില്‍ ഹാജിമാര്‍ക്ക് ദിശ കാണിക്കുന്നതിന് അനിവാര്യമായ ഈ മാപ്പ് കഴിഞ്ഞ വര്‍ഷം ഇതര രാഷ്ട്രങ്ങളുടെ വോളന്റിയര്‍ സംഘങ്ങള്‍ വരെ ഹജ്ജ് മിഷനില്‍നിന്ന് ആവശ്യപ്പെടുകയുണ്ടായി. ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ മുഴുവന്‍ വോളന്റിയര്‍മാര്‍ക്കും വേണ്ടി മാപ്പ് റീഡിംഗ് അടക്കമുള്ള ട്രെയിനിംഗ് സെപ്റ്റംബര്‍ 19ന് വൈകുന്നേരം അഞ്ചിന് ഇംപാല ഗാര്‍ഡനില്‍ നടക്കും. അന്ന് രാത്രി ഒമ്പതിന് ഹജ്ജ് നിര്‍വഹിക്കുവര്‍ക്ക് വേണ്ടി ഹജജ് ക്യാമ്പും സംഘടിപ്പിക്കും.

ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഹജ്ജ് മിഷന്‍, വമി, സൌത്ത് ഏഷ്യന്‍ മുതവഫ്, ആരോഗ്യ മന്ത്രാലയം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് എന്‍ജിനിയര്‍ മുദസര്‍ മംഗലാപുരം കണ്‍വീനറും, അബ്ദുള്‍ റൌഫ് വേങ്ങര അസിസ്റന്റ് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുഹമ്മദലി കൂന്തല (വോളന്റിയര്‍ ക്യാപ്റ്റന്‍), അഷ്റഫ് സി.വി (ലോജിസ്റിക്), അമീര്‍ സുല്‍ത്താന്‍ (മീഡിയ), നസീര്‍ ഫാറൂഖി (സപ്പോര്‍ട്ട് സര്‍വീസ്) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍