മിഡ്ഹഡ്സന്‍ കേരള അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Wednesday, September 10, 2014 7:28 AM IST
ന്യൂയോര്‍ക്ക്: സാംസ്കാരികത്തനിമ നിറഞ്ഞ മിഡ് ഹഡ്സനിലെ ഹിന്ദു ക്ഷേത്രാങ്കണം, മുറ്റത്ത് വിശാലമായ അത്തപൂക്കളം, തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ, വാദ്യങ്ങളുടെയും മുത്തുകുടകളുടെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മാവേലിക്ക് വരവേല്‍പ്പ്, സാമൂഹിക, സാംസ്കാരിക നേതാക്കള്‍ പങ്കെടുത്ത ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, തിരുവാതിര മുതല്‍ വള്ളംകളിവരെ- കേരള കലാരൂപങ്ങള്‍ നിറഞ്ഞാടിയ വേദി, നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയം എല്ലാം ചേര്‍ന്ന് മിഡ് ഹഡ്സന്‍ കേരള അസോസിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സാംസ്കാരിക കേരളത്തിന്റെ നേര്‍കാഴ്ചയായി മാറി.

മിഡ്ഹഡ്സനിലെ ഹിന്ദു ക്ഷേത്രാങ്കണത്തില്‍ സെപ്റ്റംബര്‍ ആറിനാണ് (ശനി) ഓണാഘോഷങ്ങള്‍ അരങ്ങേറിയത്. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം അലക്സ് മുണ്ടക്കലിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റെയും താലപൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്ര നടന്നു. തുടര്‍ന്ന് ക്ഷേത്രഹാളില്‍ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. റോക് ലാന്‍ഡ് കൌണ്ടി ലെജിസ്ളേറ്ററ് ഡോ. ആനി പോള്‍, ന്യൂയോര്‍ക്ക് പോലീസ് ക്യാപ്റ്റന്‍ സ്റാന്‍ലി ജോര്‍ജ്, മാധ്യമ, സാംസ്കാരിക പ്രവര്‍ത്തകനായ ഷോളി കുമ്പിളുവേലി, മിഡ് ഹഡ്സന്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് മുണ്ടക്കല്‍, സെക്രട്ടറി അനില്‍ രാമപണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഡോ. ആനി പോള്‍, ക്യാപ്റ്റന്‍ സ്റാന്‍ലി ജോര്‍ജ്, അനുഷാ രാമപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലി ഓണസന്ദേശം നല്‍കി. ഡോ. ആനി പോള്‍, ക്യാപ്റ്റന്‍ സ്റാന്‍ലി ജോര്‍ജ് എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഗായകന്‍ തഹ്സീന്‍ മുഹമ്മദ്, സോഫിയ മണലില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള പരിപാടികളുടെ മാറ്റുകൂട്ടി.

അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് മുണ്ടക്കല്‍ സ്വാഗതവും സെക്രട്ടറി അനില്‍ രാമപണിക്കര്‍ കൃതജ്ഞതയും പറഞ്ഞു. റിന്റാ റോണി എംസിയായിരുന്നു.

ഫോമ റീജിയണല്‍ പ്രസിഡന്റ് ബിജു ടി. ഉമ്മന്‍, ജേക്കബ് സാമുവല്‍, ടോം ആന്റണി, ബെറ്റി ഉമ്മന്‍, ലിജു മെക്കാട്ട്, സാജന്‍ മറോക്കി, അശോക് മലയില്‍, കൃഷ്ണന്‍ മെക്കാട്ട്, മുഹമ്മദ് ഷാഫി, രാജേഷ് നമ്പാടി, അലീന അശോക്, മാത്യു ഇടമ്പാടം, ജിജി ഉലഹന്നാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: നിബു വെള്ളവന്താനം