മക്കയില്‍ നിര്‍മാണത്തിനിടെ പാലം തകര്‍ന്ന് അഞ്ചു മരണം
Wednesday, September 10, 2014 7:23 AM IST
മക്ക: മക്കയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് അഞ്ചുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെയാണ് സംഭവം. മക്കയിലെ മസ്ജിദുല്‍ ഹറാമിന് വിളിപ്പാടകലെ ജബല്‍ കഅ്ബക്കു സമീപം റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ ഭിത്തികെട്ടാന്‍ ഉപയോഗിക്കുന്ന കൂറ്റന്‍ സ്ളാബുകള്‍ മറിഞ്ഞു വീണാണ് അപകടം.

പാലത്തിന്റെ ഭിത്തി നിര്‍മാണത്തിനുള്ള 15 മീറ്റര്‍ ഉയരവും നൂറു മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ സ്ളാബ് അടര്‍ന്നു വീണു. ഇതിനടിയില്‍ പെട്ടാണ് തൊഴിലാളികള്‍ മരിച്ചത്. ഉച്ചവരെയായി അഞ്ചു പേരുടെ മൃതദേഹം കണ്െടടുത്തു. തകര്‍ന്ന സ്ളാബ് മാറ്റുന്ന ജോലി തീര്‍ന്നിട്ടില്ല. മരണനിരക്ക് ഇനിയും കൂടാനിടയുണ്െടന്നു റിപ്പോര്‍ട്ടുണ്ട്. മരിച്ചവരെല്ലാം തൊഴിലാളികളാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രദേശം വളച്ചുകെട്ടിയതിനാല്‍ തൊഴിലാളികള്‍ മാത്രമേ സംഭവസ്ഥലത്തുണ്ടായിരുന്നുള്ളൂ. ഇനിയും ചിലര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

മക്ക മേഖല റെഡ്ക്രസന്റും സിവില്‍ ഡിഫന്‍സും ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. തെരച്ചില്‍ പുരോഗമിക്കുന്നതായി മക്ക സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍