കുവൈറ്റിന് ലോകത്തിന്റെ ആദരം
Wednesday, September 10, 2014 7:18 AM IST
കുവൈറ്റ് : ഇരുളിലേക്ക് ചാഞ്ഞുകൊണ്ടിരുന്ന ലോക മനസില്‍ നന്മയുടെയും സ്നേഹത്തിന്റെയും തിരിനാളം തെളിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉദാത്തമായ മാതൃക കാണിച്ച കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മനുഷ്യസ്നേഹിയായ നേതാവിനുള്ള യുഎന്‍ പുരസ്കാരം സമ്മാനിച്ചു.

യുഎന്‍ അസ്ഥാനത്ത് നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് പുരസ്കാരം നല്‍കിയത്. സംഘര്‍ഷത്തിന്റെയും അധിനിവേശത്തിന്റെയും കാലുഷ്യത്തിന്റെയും പ്രകൃതി ദുരുന്തങ്ങളുടെയും മുന്നില്‍ നിസഹായനായി നോക്കി നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മനുഷ്യസ്നേഹത്തിന്റെ മഹാമന്ത്രവുമായി ഇറങ്ങിച്ചെന്ന കുവൈറ്റിന്റെ പ്രവൃത്തി അനുകരണീയ മാതൃകയാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആഭ്യന്തരയുദ്ധത്താല്‍ നരകയാതന അനുഭവിക്കുന്ന സിറിയന്‍ ജനതയ്ക്ക് സഹായധനം കണ്െടത്തുവാന്‍ കുവൈറ്റ് ആതിഥേയത്വം വഹിച്ച ഐക്യദാര്‍ഡ്യ സമ്മേളനമാണ് കാരണമായത്. പാലസ്തീനിലും ലോകത്തിന്റെ വിവധ ഭാഗങ്ങളിലും നിരവധി ജീവകാരുണ്യ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കുവൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

കുവൈറ്റിനുള്ള അന്താരാഷ്ട്ര മാനുഷിക കേന്ദ്രം എന്ന ബഹുമതിയും ചടങ്ങില്‍ സമ്മാനിച്ചു. യുഎന്‍ പുരസ്കാരത്തിന് അര്‍ഹനായ അമീറിനെ കിരീടാവകാശി ഷേഖ് നവാഫ് അല്‍ അഹ്മദ് അസ്വബാഹ്, മന്ത്രിമാര്‍, അംബാസഡര്‍മാര്‍, പ്രമുഖ സ്ഥാപന മേധാവികള്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. കുവൈറ്റ് റെഡ്ക്രസന്റ് സൊസൈറ്റി, കുവൈറ്റ് ഫണ്ട് ഫോര്‍ അറബ് ഇകണോമിക് ഡെവലപ്മെന്റ്, അറബ് ഫണ്ട് ഫോര്‍ ഇകണോമിക് സോഷ്യല്‍ ഡെവലപ്മെന്റ്, കുവൈറ്റ് ഫൌണ്േടഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് തുടങ്ങിയ സംവിധാനങ്ങളിലൂടെയും നിരവധി ജീവകാരുണ്യ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലുടെയുമാണ് കുവൈറ്റ് മാനുഷിക സഹായ രംഗത്ത് ഉയരങ്ങള്‍ താണ്ടുന്നത്. പുരസ്കാരദാനം വീക്ഷിക്കുവനായി വന്‍ ഒരുക്കങ്ങളാണ് രാജ്യത്ത് ഉടനീളം നടത്തിയിരുന്നത്. നിരവധി മാളുകളില്‍ ചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍