മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു
Tuesday, September 9, 2014 6:15 AM IST
വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 29, 30 തീയതികളിലായിരിക്കുമെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

2005 ല്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനുളള വീസ യുഎസ് ഗവണ്‍മെന്റ് നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്നിട്ടുപോലും വീസ നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇന്ത്യയും അമേരിക്കയുമായുളള സൌഹൃദം ഊട്ടി ഉറപ്പിക്കുന്നതിന് മോദിയുടെ സന്ദര്‍ശനമിടയാക്കുമെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2002 ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടന്ന ഹിന്ദു- മുസ്ലിം കലാപത്തിന് ഉത്തരവാദി എന്ന് പറഞ്ഞാണ് മോദിക്ക് വീസ നിഷേധിച്ചിരുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് സന്നദ്ധമാണെന്ന് വൈറ്റ് ഹൌസ് പുറത്തിറക്കിയ സ്റേറ്റ് മെന്റില്‍ പറയുന്നു. ഇന്ത്യന്‍ സമൂഹം നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍