മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം: ഫാ. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍ ജനറല്‍ കണ്‍വീനര്‍
Monday, September 8, 2014 8:58 AM IST
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വൈദീകരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിനഡ് കഴിഞ്ഞ് മടങ്ങിയെത്തിയ മാര്‍ ജോയി ആലപ്പാട്ടിനെ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍മാര്‍ ഓരോ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

സെപ്റ്റംബര്‍ 27-ന് (ശനി) ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ചാണ് തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഷിക്കാഗോ രൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നും വൈദീകരും കന്യാസ്ത്രീകളും അത്മായരും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകും.

ബെല്‍വുഡ് സിറ്റി മേയര്‍, പോലീസ് ചീഫ് എന്നിവര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വൈദീകര്‍ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും ഹോട്ടല്‍ താമസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും ഹോട്ടലില്‍ നിന്ന് ദേവാലയത്തിലേക്കും യാത്രാസൌകര്യമുണ്ടായിരിക്കും. നാലായിരം പേര്‍ക്ക് ഇരുന്ന് തിരുകര്‍മ്മങ്ങള്‍ കാണുവാനുള്ള സൌകര്യങ്ങളും വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങളും എണ്ണൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യവും തയാറായിവരുന്നു. സെക്യൂരിറ്റി, സുവനീര്‍, മെഡിക്കല്‍, ഡെക്കറേഷന്‍ തുടങ്ങിയ കമ്മിറ്റികള്‍ ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോസ ചാമക്കാലയുടെ നേതൃത്വത്തിലും, ലിറ്റററി, ക്വയര്‍ കമ്മിറ്റികള്‍ മാര്‍ ജോയ് ആലപ്പാട്ടിനോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് പാരീഷ് ഹാളില്‍ പൊതുയോഗവും ചേരുന്നതാണ്. ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യുവാനുള്ള സജ്ജീകരണങ്ങള്‍ പുരോഗമിച്ചുവരുന്നു. ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും ചെലവ് പരിമിതപ്പെടുത്തണമെന്നും നിയുക്ത പിതാവ് മാര്‍ ജോയി ആലപ്പാട്ട് ആവശ്യപ്പെട്ടു.

പരിപാടിയുടെ വിജയത്തിനായി നിത്യാരാധനാ ചാപ്പലില്‍ ഈമാസം എല്ലാദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. രൂപതയിലെ എല്ലാ കുടുംബങ്ങളിലും സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ചൊല്ലേണ്ട ഒരു പ്രാര്‍ഥന രൂപതയില്‍ നിന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 26-ന് (വെള്ളി) രാത്രി മുഴുവന്‍ നിത്യാരാധനാ ചാപ്പലില്‍ ആരാധനയും പ്രാര്‍ഥനയും ഉണ്ടായിരിക്കും. ഇടവകയിലെ എല്ലാവര്‍ക്കും അന്നേദിവസം കുമ്പസാരിക്കാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണെന്ന് അസിസ്റന്റ് വികാരി റോയി മൂലേച്ചാലില്‍ അറിയിച്ചു. റോയ് വരകില്‍പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം