ഡാളസില്‍ മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം ഓണം ആഘോഷിച്ചു
Saturday, September 6, 2014 5:33 AM IST
ഡാളസ് (ടെക്സസ്): ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഓണം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.

സണ്ണിവെയ്ല്‍ സിറ്റിയില്‍ നടന്ന ഓണാഘോഷപരിപാടികള്‍ക്ക്് ഇടവക വികാരി റവ.ഫാ. സി.ജി. തോമസ് ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു.

ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഓണം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറപകിട്ടേകി. മഹാബലിയെ എതിരേറ്റ് ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് താലപ്പൊലിയും ചെണ്ടമേളവും പുലിക്കളിയും മേളപകിട്ടേകി. ഓണത്തപ്പനെ വരവേല്‍ക്കുവാന്‍ ഒരുക്കിയ മോഹവര്‍ണമാര്‍ന്ന അത്തപൂക്കളം ഗൃഹാതുരത്വമുണര്‍ത്തി. ശ്രുതിമധുരമായ ഗാനങ്ങള്‍, നര്‍മരസപ്രധാനമായ ചിരിനുറുങ്ങുകള്‍, ദൃശ്യസുന്ദരമായ നൃത്തങ്ങള്‍, വഞ്ചിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ യുവജനപ്രസ്ഥാന അംഗങ്ങളുടെ കുടുബസംഗമം അവിസ്മരണീയമാക്കി.

യുവജനപ്രസ്ഥാനാംഗങ്ങള്‍ പരമ്പരാഗത രീതിയില്‍ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ഓണാഘോഷപരിപാടികള്‍ സമാപിച്ചു.

ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി യുവജനപ്രസ്ഥാന അംഗങ്ങള്‍ പങ്കെടുത്ത ഓണാഘോഷപരിപാടിയുടെ വിജയത്തിനായി സഹകരിച്ച് ഏവര്‍ക്കും യുവജനപ്രസ്ഥാന ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ മാത്യു ആശാരിയത്ത്