സീറോ മലബാര്‍ മലയാളം സ്കൂള്‍ വിദ്യാരംഭം നടത്തി
Saturday, September 6, 2014 4:21 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 31-ന് ഞായറാഴ്ച വിദ്യാരംഭം സംഘടിപ്പിച്ചു. ദിവ്യബലിക്കുശേഷം അസി. വികാരി ഫാ. റോയ് മൂലേച്ചാലിലിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി കുഞ്ഞുങ്ങളെ താത്പര്യപൂര്‍വ്വം കൊണ്ടുവന്ന മാതാപിതാക്കളെ അച്ചന്‍ പ്രത്യേകം പ്രശംസിക്കകുയുണ്ടായി.

റോയ് അച്ചനോടൊപ്പം രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ജേക്കബ് കണയങ്കല്‍ സി.എസ്.ടി. എന്നിവര്‍ കുഞ്ഞുങ്ങളുടെ ആദ്യ ഗുരുക്കന്മാരായി. അരിയില്‍ ഈശോ എന്നെഴുതിച്ച് തികച്ചും പ്രാര്‍ത്ഥനാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍.

കഴിഞ്ഞ 23 വര്‍ഷമായി കത്തീഡ്രലില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളില്‍ 170-ഓളം കുട്ടികള്‍ മലയാള ഭാഷ അഭ്യസിക്കുന്നു. മാതൃഭാഷയോടും മലയാള നാടിനോടുമുള്ള താത്പര്യം കുഞ്ഞുങ്ങളില്‍ വളര്‍ത്തുവാനും നിലനിര്‍ത്താനുമുള്ള വിവിധ പരിപാടികള്‍ മലയാളം സ്കൂള്‍ നടത്തുന്നു. നിസ്വാര്‍ത്ഥരായി സേവനം അനുഷ്ഠിക്കുന്ന 25-ഓളം അധ്യാപകരുടെ നേതൃത്വത്തില്‍ സംസാരഭാഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ആവിഷ്കരിച്ച പുതുക്കിയ പാഠ്യപദ്ധതിയാണ് ഈവര്‍ഷം മുതല്‍ നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ റോയ് തോമസ് അറിയിച്ചു. കുട്ടികളുടെ ദൈനംദിന ആശയവിനിമയത്തില്‍ മാതൃഭാഷ കൂടി ഉള്‍പ്പെടുത്തുവാന്‍ കഴിയുന്ന ഈ പാഠ്യപദ്ധതി കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്കൂള്‍ രജിസ്ട്രാര്‍ അയിഷാ ലോറന്‍സ്, റോസമ്മ തെനിയപ്ളാക്കല്‍, ജോജോ വെങ്ങാന്തറ, ആന്റണി ആലുംപറമ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം