ബുഷ് സീനിയറിന്റെ ജീവചരിത്രം ബുഷ് ജൂണിയര്‍ എഴുതുന്നു
Friday, September 5, 2014 7:50 AM IST
ഡാളസ്: പ്രസിദ്ധനായ പിതാവിന്റെ ജീവചരിത്രം പ്രസിദ്ധനായ മകന്‍ എഴുതുന്നു. ഇരുവരും അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാര്‍. 41-ാമത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ള്യു ബുഷിന് 41 എന്ന നമ്പരിനോട് വലിയ പ്രിയമാണ്. ബുഷ് ജൂണിയര്‍ ലൈബ്രറിയിലും മ്യൂസിയത്തിലും ഈ നമ്പര്‍ നിറഞ്ഞുനില്‍ക്കുന്നു.

തന്റെ പിതാവിനെക്കുറിച്ച് ഡബ്ള്യു എഴുതുന്ന പുസ്തകത്തിനും ജോര്‍ജ് എച്ച്. ഡബ്ള്യു ബുഷിന്റെ പ്രസിഡന്റ് നമ്പരായ 41 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 41 എ പോര്‍ട്രെയിറ്റ് ഓഫ് മൈ ഫാദര്‍ എന്നാണ് പുസ്തകത്തിന്റെ പേര്.

നവംബര്‍ 11ന് പുസ്തകത്തിന്റെ പ്രകാശനം നടക്കും. ആദ്യപതിപ്പിന് 10 ലക്ഷം കോപ്പികളാണ് ഉണ്ടാവുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബുഷ് ജൂണിയര്‍ വലിയ ഒച്ചപ്പാടൊന്നുമില്ലാതെ ഈ പുസ്തകത്തിന്റെ രചനയില്‍ മുഴുകിയിരിക്കുകയായിരുന്നു. പുസ്തകത്തിന്റെ പുറംചട്ട പ്രസാധകരായ ക്രൌണ്‍ പബ്ളിഷേഴ്സ് പ്രകാശിപ്പിച്ചു. ബുഷ് സീനിയറിന്റെ വളരെ അടുത്ത ക്ളോസപ്പാണ് പുറം ചട്ടയിലുള്ളത്. 41 ന്റെ ഓഡിയോ എഡിഷന്റെ നറേഷന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് തന്നെ നിര്‍വഹിക്കും.

പ്രസിഡന്റും ചരിത്രകാരനും എന്ന നിലയില്‍ പ്രസിദ്ധനായ ബുഷ് ജൂണിയര്‍ ഇനി ജീവചരിത്രകാരനായും അറിയപ്പെടും.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്