ഹജ്ജ് സേവനം: ആര്‍എസ്സി വോളന്റിയര്‍മാര്‍ കര്‍മ രംഗത്ത്
Thursday, September 4, 2014 7:55 AM IST
ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും സേവനം ചെയ്യുന്നതിനുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുതായി റിസാല സ്റഡി സര്‍ക്കിള്‍ സൌദി നാഷണല്‍ കമ്മിറ്റി അറിയിച്ചു.

ആര്‍എസ്സിയുടെ സേവന വിഭാഗമായ കെയര്‍ ആന്‍ഡ് ഷെയര്‍ സമിതിക്കാണ് ഹജ്ജ് വോളന്റിയര്‍ കോറിന്റെ ചുമതല.

തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സേവനം ആവശ്യമായ ഹജ്ജിന്റെ അവസാന ഘട്ടത്തില്‍ സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ അറഫയിലും മിനയിലും സേവന രംഗത്തുണ്ടാവും. ഹജ്ജ് വോളന്റിയര്‍ കോറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് നിയമസാങ്കേതികപ്രായോഗിക പരിശീലനങ്ങള്‍ നടുന്നുകൊണ്ടിരുക്കുന്നു. വിവിധ സോണുകളില്‍ വിദഗ്ധരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മുന്‍വര്‍ഷങ്ങളിലെപോലെ, അടുത്ത ദിവസങ്ങളിലായി മക്കയിലും മദീനയിലും വന്നിറങ്ങുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് പ്രവര്‍ത്തകര്‍ സജ്ജരായി. ഹറം പരിസരങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും സേവനത്തിന് പ്രവര്‍ത്തകരുണ്ടാവും.

ഐസിഎഫ് സേവന വിഭാഗത്തിന്റെ സഹകരണത്തോടെ, മക്കയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാപ്പു ഹാജി (ക്യാപ്റ്റന്‍), ഉസ്മാന്‍ കുറുകത്താണി, അബ്ദുള്‍ സമദ് പെരിമ്പലം, സിറാജ് വില്യാപ്പള്ളി, സലാം ഇരുമ്പുഴി എന്നിവര്‍ നേതൃത്വം നല്‍കും. ഇതു സംബന്ധിച്ച് സൈതലവി സഖാഫി (ഐസിഫ് മക്ക പ്രസിഡന്റ്) യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഷാഫി ബാഖവി, അബ്ദുറസാഖ് സഖാഫി, ജലീല്‍ വെളിമുക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍