റിന്‍ഷാദിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകും
Thursday, September 4, 2014 7:51 AM IST
റിയാദ്: കഴിഞ്ഞ ഞായറാഴ്ച റോഡ് മുടിച്ച് കടക്കുമ്പോള്‍ കാറിടിച്ച് മരിച്ച കൊല്ലം കടയ്ക്കല്‍ ചിതറ മാങ്കോട് കാരിച്ചിറ സ്വദേശി പാറവിള പുത്തന്‍വീട് അബ്ദുല്‍റഷീദിന്റെ മകന്‍ റിന്‍ഷാദിന്റെ (37) മൃതദേഹം വ്യാഴാഴ്ച നാട്ടില്‍ കൊണ്ടുപോകും.

സുലൈമാനിയയിലെ 'ടു ഇന്‍ വണ്‍' റസ്ററന്റില്‍ വെയിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. എയര്‍പോര്‍ട്ട് റോഡിലെ സാബിക് ബില്‍ഡിംഗിന് സമീപം തിരക്കുള്ള ഹൈവേയില്‍ റോഡ് മുറിച്ചു കടക്കവെയാണ് അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്ന റിന്‍ഷാദിനെ സൌദി പൌരന്റെ കാറിടിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.40 ന് റിയാദില്‍ നിന്നും ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ കൊണ്ടു പോകുന്ന മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ 3.50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. നാട്ടില്‍ അവധിയിലുള്ള ടൂ ഇന്‍ വണ്‍ കമ്പനിയുടെ പേഴ്സണല്‍ മാനേജര്‍ ജയകൃഷ്ണനും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും. എംബസി ഉദ്യോഗസ്ഥരായ വിവേകാനന്ദനും ഹരീഷും സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാടും ദമാമിലെ ഗഫാറും മൃതദേഹം നാട്ടില്‍ അയയ്ക്കാനുള്ള രേഖകള്‍ ശരിയാക്കുന്നതിന് സഹായിച്ചതായി കമ്പനി പ്രതിനിധി ആഷിഫ് കാഞ്ഞിരത്തിങ്കല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍