'പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം'
Thursday, September 4, 2014 7:51 AM IST
റിയാദ്: സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക തീര്‍ത്തും അപര്യാപ്തമാണെന്നും അത് പ്രതിമാസം ചുരുങ്ങിയത് 3000 രൂപയായെങ്കിലും വര്‍ധിപ്പിക്കണമെന്നും മുസ്ലിം ലീഗ് നേതാവും കേരള പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഹനീഫ മൂന്നിയൂര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ നിലവിലുള്ള എല്ലാ ക്ഷേമനിധികളുടേയും അംശാദായം സ്വരൂപിക്കുന്നത് അതത് വിഭാഗങ്ങളില്‍ നിന്നാണ്. പ്രവാസി ക്ഷേമനിധിക്ക് മാത്രം അത്തരം വരുമാന മാര്‍ഗം കണ്െടത്തിയിട്ടില്ല. അംഗങ്ങള്‍ അടക്കുന്ന പ്രീമിയം തുക മാത്രമാണ് ഇതിനുള്ളത്. പ്രവാസികള്‍ നാട്ടിലേക്ക് അയ്യക്കുന്ന വിദേശനാണയത്തിന്റെ ഗുണഭോക്താക്കള്‍ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 60 തികഞ്ഞവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യത്തില്‍ അംശാദായം അടച്ച് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അതിന്റെ ആനുപാതികമായ ആനുകൂല്യം ലഭിക്കണമെന്ന് ബത്ഹയിലെ റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഹനീഫ പറഞ്ഞു.

ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം സജീവ അംഗത്വമുള്ള കേരള പ്രവാസി ലീഗ് പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്.

പ്രവാസികള്‍ക്കും മടങ്ങിയെത്തിയ പ്രവാസിക്കും അര്‍ഹതപ്പെട്ട നീതി ലഭ്യമാക്കാനുള്ള സമരപാതയിലാണ് സംഘടന എന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ യാത്രാക്ളേശം എന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന സമസ്യയാണ്. എയര്‍ ഇന്ത്യ ഗള്‍ഫിലെ പ്രവാസികളോട് കാണിക്കുന്ന വിവേചനപരമായ സമീപനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രവാസി ലീഗ് നേതൃത്വം നല്‍കും. വിമാനയാത്രക്ക് പകരം സംവിധാനമായ കുറഞ്ഞ ചെലവിലുള്ള കപ്പല്‍ സര്‍വീസ് പോലുള്ള ആശയങ്ങളെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്നും ഹനീഫ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ ലോബി കോഴിക്കോട് അടക്കമുള്ള വിമാനത്താവളങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കണം.

നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ദിശാബോധം നല്‍കി പുനരധിവസിപ്പിക്കാന്‍ പ്രയോജനപ്രദമായ പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രവാസി ലീഗ് മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരേയും കണ്ട് ആവശ്യപ്പെട്ടിട്ടുണ്െടന്ന് ഹനീഫ അറിയിച്ചു. നിതാഖാത്ത് നിയമങ്ങള്‍ മൂലം ലക്ഷക്കണക്കിന് മലയാളികളാണ് കേരളത്തില്‍ മടങ്ങിയെത്തിയിട്ടുള്ളത്. പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നീക്കിവച്ചിട്ടുള്ള തുക ക്രിയാത്മകമായി വിനിയോഗിക്കാന്‍ സാധിക്കണം. സര്‍ക്കാരും നോര്‍ക്കയും ഇക്കാര്യത്തില്‍ അലംബാവം കാണിക്കുന്നതായി ഹനീഫ ആരോപിച്ചു. ഇപ്പോള്‍ ആനൂകൂല്യം ലഭിക്കുന്നത് 2013 ജൂലൈ മാസത്തിനു മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ്. അതിനു ശേഷം രജിസ്റ്റര്‍ ചെയ്തവര്‍ക്കും ആനുകൂല്യം ലഭ്യമാക്കണം. പുനരധിവാസ സംരഭങ്ങള്‍ക്കായി ത്രിതല പഞ്ചായത്തുകള്‍ക്കും അധികാരം നല്‍കണമെന്ന ആവശ്യവും ഹനീഫ മുന്നോട്ടുവച്ചു.

പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ആവശ്യങ്ങളെല്ലാമടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് പ്രവാസി ലീഗ് സമര്‍പ്പിച്ചിട്ടുണ്ട്. ഇനി നിരന്തര സമര പരിപാടിയുമായി സംഘടന മുന്നോട്ട് പോകുമെന്നും ഹനീഫ പറഞ്ഞു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസലാം തൃക്കരിപ്പൂര്‍, ജന. സെക്രട്ടറി എം. മൊയ്തീന്‍ കോയ, ജലീല്‍ തിരൂര്‍, ഫൈസല്‍ ചേളാരി തുടങ്ങിയവരോടൊപ്പമാണ് ഹനീഫ മൂന്നിയൂര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍