കേരള സാഹിത്യ അക്കാഡമിയുടെ അംഗീകാരവും നൈറ്റിംഗേല്‍ പുരസ്കാരവും സരോജ വര്‍ഗീസിന്
Thursday, September 4, 2014 7:48 AM IST
തൃശൂര്‍: ജൂലൈ 25, 26, 27 തീയതികളില്‍ തൃശൂര്‍ കേരള സാഹിത്യ അക്കാഡമി, ഷൊര്‍ണ്ണൂര്‍ കലാമണ്ഡലം, മലപ്പുറം തുഞ്ചന്‍പറമ്പ് എന്നീ കലാ-സാംസ്കാരിക നാടുകളില്‍ ലാന സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ലാനയുടെ ജോയിന്റ് സെക്രട്ടറി സരോജ വര്‍ഗീസിനെ ലാനയുടെ സജീവ പ്രവര്‍ത്തക എന്ന നിലയില്‍ കേരള സാഹിത്യ അക്കാഡമി അംഗീകാരം നല്‍കി ആദരിച്ചു. പ്രസിഡന്റ് പെരുമ്പടവം ശ്രീധരനില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാന നാട്ടിലും അമേരിക്കയിലും എഴുത്തുകാരുടെ വളര്‍ച്ചയും ശ്രേയസും ലക്ഷ്യമാക്കുന്നു. ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ നേതൃത്വത്തിലാണു പ്രസ്തുത ചടങ്ങുകള്‍ക്ക് യവനിക ഉയര്‍ന്നത്.

ഡോ. ജോസ് കാനാട്ട് ഗ്ളോബല്‍ ചെയര്‍മാനായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി സംഗമത്തിന്റെ പ്രഥമ കണ്‍വന്‍ഷന്‍ ഓഗസ്റ് 17 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രവാസി മലയാളിസംഗമത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്കാരിക മന്ത്രി കെ.സി. ജോസഫ്, ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എംപി, പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി തുടങ്ങിയവരോടൊപ്പം സാബു ചെറിയാന്‍, പ്രേംകുമാര്‍ തുടങ്ങി സിനിമാ രംഗത്ത്് നിന്നും ധാരാളം വിശിഷ്ടാതിഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ കേരള ധനകാര്യ മന്ത്രി കെ.എം.മാണിയില്‍ നിന്നും ഒരു പ്രവാസി എന്ന നിലയില്‍ തന്റെ 40 വര്‍ഷത്തിലധികമുള്ള നഴ്സിംഗ് സേവനത്തിനുള്ള അംഗീകാരമായി നല്‍കിയ പൊന്നാടയും നൈറ്റിംഗേല്‍ അവാര്‍ഡും സരോജ വര്‍ഗീസ് ഏറ്റുവാങ്ങി.

ഒരു നഴ്സ് എന്ന നിലയില്‍ സേവനമനുഷിഠിച്ച് വിരമിച്ച തനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ അംഗീകാരമായി, പ്രത്യേകിച്ച് ജന്മനാട്ടില്‍ തനിക്ക് ലഭിച്ച ഈ പുരസ്കാരത്തെ കാണുന്നുവെന്ന് സരോജ വര്‍ഗീസ് സന്തോഷാശ്രുക്കളോടെ പറയുന്നു. തന്നെപ്പോലെ തന്നെ ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്ന പരശതം സഹോദരി-സഹോദരന്മാരുടെ പ്രതിനിധിയായിട്ടാണ് താന്‍ ഈ അംഗീകാരം ഏറ്റു വാങ്ങിയതെന്നും അവര്‍ പറഞ്ഞു.

ജന്മനാട്ടിലെ ഒരവധിക്കാലത്ത് സാഹിതീസപര്യയിലും ഒരു പ്രവാസി നഴ്സ് എന്ന നിലയിലും അംഗീകാരം ഏറ്റുവാങ്ങിയ സരോജക്ക് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം