ന്യൂയോര്‍ക്കില്‍ ബിഎഎം കോളജ് പ്രിന്‍സിപ്പലിന് സ്വീകരണം നല്‍കി
Monday, September 1, 2014 7:38 AM IST
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന തുരുത്തിക്കാട് ബിഎഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യൂസ് എം. ജോര്‍ജിന് പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.

ഓഗസ്റ് 24ന് (ഞായര്‍) വൈകുന്നേരം ക്വീന്‍സിലുള്ള ടേസ്റ് ഓഫ് കൊച്ചിന്‍ റസ്ററന്റില്‍ നടന്ന യോഗത്തില്‍ പൂര്‍വ വിദ്യാര്‍ഥിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റുമായ ഷോളി കുമ്പിളുവേലി അധ്യക്ഷത വഹിച്ചു.

1966 ല്‍ 230 വിദ്യാര്‍ഥികളുമായി മല്ലപ്പള്ളിക്കു സമീപമുള്ള തുരുത്തിക്കാട്ടില്‍ തുടങ്ങിയ കോളജ് ഇന്ന് മധ്യതിരുവിതാംകൂറിലെ തന്നെ പ്രശസ്തമായ കോളജുകളിലൊന്നായി മാറിയിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎഎം അലൂമ്നികളുടെ നേതൃത്വത്തില്‍ കോളജില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഡോ. മാത്യൂസ് യോഗത്തില്‍ വിവിരിച്ചു.

അമേരിക്കയിലുള്ള ബിഎഎം കോളജ് പൂര്‍വവിദ്യാര്‍ഥികളെ ഏകോപിപ്പിക്കുന്നതിനായി ഷോളി കുമ്പിളുവേലി, സജി തോമസ് എന്നിവരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ പൂര്‍വ വിദ്യാര്‍ഥികളായ ഫാ. ഷിബു മാത്യു, രാജു തോമസ്, ഷീല മാത്യു, ഷൈനി അലക്സ് എന്നിവര്‍ പ്രസംഗിച്ചു. സജി തോമസ് സ്വാഗതവും പ്രദീപ് പിള്ള നന്ദിയും പറഞ്ഞു. ഡോ. മാത്യൂസ് എം. ജോര്‍ജ് മറുപടി പ്രസംഗം നടത്തി.