നവമാധ്യമ കൂട്ടായ്മ 'നേര്‍രേഖ'യുടെ ഓണം സെപ്റ്റംബര്‍ മൂന്നിന്
Monday, September 1, 2014 7:34 AM IST
പത്തനംതിട്ട : നവമാധ്യമ രംഗത്തെ പുരോഗമനകൂട്ടായ്മ നേര്‍രേഖയുടെ ഈ വര്‍ഷത്തെ ഓണം പത്തനംതിട്ടയിലെ പെരുന്നാട് പഞ്ചായത്തിലെ അട്ടത്തോട് രാവിലെ പത്തിന് ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജു ഏബ്രഹാം എംഎല്‍എ വിശിഷ്ടാതിഥിയാകും. ഊരുകളിലെ 250 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കും. തിരുവോണത്തിന് അവരുടെ കുടുംബങ്ങളില്‍ ഒരുക്കാനുള്ള സദ്യയ്ക്ക് വേണ്ട മുഴുവന്‍ ധാന്യങ്ങളും അടങ്ങിയതാണ് കിറ്റ്. സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍, നാടന്‍കലാ രൂപങ്ങള്‍, ഓണകളികള്‍ എന്നിവയും നടക്കും.

രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ, അട്ടതോട് നിവാസികള്‍ക്കൊപ്പം ഡോ. മുഹമ്മദ് അഷീല്‍, നേര്‍രേഖ ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. നേര്‍രേഖഫോക്കസ് കൂട്ടായ്മ നടത്തിയ ലോകകപ്പ് ഫുട്ബോള്‍ പ്രവചനമത്സരത്തിലെ വിജയികള്‍ക്കും 'ഞാനെടുത്ത ഫോട്ടോകള്‍' എന്ന ഫോട്ടോഗ്രാഫി കൂട്ടായ്മയില്‍ 'മഴ നനഞ്ഞൊരു കുട്ടിക്കാലം' എന്ന വിഷയം ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കും സമ്മാനവിതരണവും ഉണ്ടാകും. വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനത്തോടെയാണ് സമാപനം.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചിതറി കിടക്കുന്ന പുരോഗമന ചിന്താഗതിക്കാരെ കൂട്ടി ചേര്‍ത്ത് ആരംഭിച്ച നവമാധ്യമ കൂട്ടായ്മയാണ് നേര്‍രേഖ. ഫെസ്ബൂക്കിലെ നേര്‍രേഖ കൂട്ടായ്മ, വെബ് മാഗസിന്‍ ംംം.ിലൃൃലസവമ.രീാ തുടങ്ങി നിരവധി അനുബന്ധ കൂട്ടായ്മകളും ഇതിനുണ്ട്. പ്രവാസികളും നാട്ടിലുമായി ഇരുനൂറില്‍ അധികം കുടുംബങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ട്. സൈബര്‍ ലോകത്തിനു പുറത്ത് ഈ കൂട്ടായ്മ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

2012 ല്‍ കാസര്‍ഗോഡ് മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കൊപ്പമായിരുന്നു നേര്‍രേഖയുടെ ഓണം. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് 'സാന്ത്വന യാത്ര' സര്‍ക്കാര്‍ തഴഞ്ഞ ബഡ്സ് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും രണ്ടു ജോഡി യൂണിഫോമും അഞ്ചോളം കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം ധനസഹായവും ഓണസദ്യയും നല്‍കിയിരുന്നു.

2013 ല്‍ അട്ടപ്പാടിയിലെ ഊരുകളില്‍ 'ഐക്യദാര്‍ഡ്യം' സംഘടിപ്പിച്ചു. പാലൂര്‍ ഊരിലെ 207 കുടുംബങ്ങള്‍ക്ക് ഓണാക്കിറ്റ് നല്‍കി. പാലൂര്‍ വായനശാലയ്ക്ക് ടിവിയും മറ്റു സൌകര്യങ്ങളും ഒരുക്കി കൊടുത്തു.

ഒരു ഓണാഘോഷം എന്നതല്ല മറിച്ച് അവഗണനകള്‍ കൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ട് ഉത്സവകാലത്തുപോലും അന്യരാവുന്നവര്‍ക്കൊപ്പം ഒരു ദിനം എന്ന കാമ്പയിന്‍ ആണ് ഈ പരിപാടിയില്‍ കൂടി നടത്തുന്നതെന്ന് നേര്‍രേഖ പ്രവര്‍ത്തകര്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ട്ടിന്‍ ക്രിസ്റി (8547172438), ജൂലിയസ് മിര്‍ഷാദ് (9446400685), സിജു എസ് കുമാര്‍ (9846864009) എന്നിവരെ ബന്ധപ്പെടണം.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള