ഒഐസിസി ബവാദി ഏരിയ കമ്മിറ്റിയുടെ സഹായം
Monday, September 1, 2014 7:28 AM IST
ജിദ്ദ: അപകടത്തില്‍പെട്ട് അടിയന്തര ഓപ്പറേഷന് വിധേയനായി തുടര്‍ ചികിസക്ക് നാട്ടിലേക്ക് പോകുന്ന ഒഐസിസി ബവാദി ഏരിയ കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് അംഗം കോഴിക്കോട് മാവൂര്‍ സ്വദേശി 'സുബൈര്‍ പാലക്കാട്ട്' എന്നയാള്‍ക്ക് ഒഐസിസി ബവാദി ഏരിയ കമ്മിറ്റിയുടെ യാത്രാ ടിക്കറ്റും സാമ്പത്തിക സഹായവും ഒഐസിസി ഗ്ളോബല്‍ മെംബര്‍ കെ.ടി.എ. മുനീര്‍, വെല്‍ഫയര്‍ കോഓര്‍ഡിനെറ്റര്‍ മാമദു പൊന്നാനി എന്നിവര്‍ ചേര്‍ന്ന് കൈമാറി.

ഇരുപതു കൊല്ലത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന സുബൈര്‍ ബലദിയ സ്ട്രീറ്റില്‍ ബഖാല ജീവനക്കാരന്‍ ആയിരുന്നു. ഇതുവരെ യാതൊരു സമ്പാദ്യവും ഇല്ലാത്ത സുബൈര്‍ നിതാഖാത്തിനെ തുടര്‍ന്ന് 'ബുറയ്മാന്‍ അല്‍മനാര്‍' ശുയൂക് ഖഹവ (അറബി കോഫി ഷോപ്പ്) കടയിലേക്ക് വീസ മാറ്റുക ആയിരുന്നു. കഫാല മാറ്റാന്‍ പതിനായിരത്തോളം രൂപ ചെലവ് വന്നിരുന്നു. അതിന്റെ കടം ഇനിയും വീട്ടി കഴിഞ്ഞിട്ടില്ല. എല്ലാ മാസവും സ്പോണ്‍സര്‍ ആയിരത്തി ഇരുന്നൂറ് റിയാല്‍ വീസ മാറ്റിയ ചെലവിലേക്ക് പിടിച്ചതിനു ശേഷമാണ് ശമ്പളം കൊടുത്തിരുന്നത്. ചെലവ് കഴിച്ചു ബാക്കി വരുന്ന തുക സ്കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍, ഭാര്യ, മാതാവ് എന്നിവരുടെ നാട്ടിലെ ചെലവിനു പോലും തികഞ്ഞിരുന്നില്ല. അതിനിടയ്ക്കാണ് കഴിഞ്ഞാഴ്ച ഒരു അപകടത്തില്‍ പെട്ട് കാലിന്റെ പിന്‍കുറ്റിയിലെ ഞരമ്പ് മുറിഞ്ഞത്. തുടര്‍ന്ന് ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും നാലായിരം രൂപയോളം അടിയന്തര ഓപ്പറേഷന് ചെലവ് വരുകയും ചെയ്തു. സുഹൃത്തുക്കളും ബന്ധുക്കളും കൂടി കടം കൊടുത്താണ് ഹോസ്പിറ്റല്‍ ബില്‍ അടച്ചത്. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പേരിനു മാത്രം ഇക്കാമയുടെ ആവശ്യത്തിനുവേണ്ടി മാത്രം ചെറിയ തുക കൊടുത്തു എടുത്തതിനാല്‍ പോളിസി ഒന്നും പാസായില്ല. കഫീലിനോട് ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ആറു മാസം മാത്രം ജോലി എടുത്തതിനാല്‍ ടിക്കറ്റ് കൊടുക്കാന്‍ കഴിയില്ലെന്നാണ് കഫീല്‍ അറിയിച്ചത്. തുടര്‍ന്നാണ് നാട്ടിലേക്കുള്ള ടിക്കറ്റും വഴിച്ചിലവും ഒഐസിസി ബവാദി ഏരിയ കമ്മിറ്റിയുടെ ഭാരവാഹി ബാബു വി.പി. പാണ്ടിക്കാട് മുഖേന ഒഐസിസി വെല്‍ഫയര്‍ കോഓര്‍ഡിനേറ്റര്‍ മാമദു പൊന്നാനിയുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് മാമദു പൊന്നാനിയോടൊപ്പം ചേര്‍ന്ന് ബവാദി ഏരിയ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ദോസ്ത് കാളികാവ്, ജനറല്‍ സെക്രട്ടറി വിശ്വന്‍ പന്തല്ലൂര്‍, വി.കെ സക്കീര്‍ ചെമ്മണ്ണൂര്‍, അബ്ദുള്‍ ഗഫൂര്‍. കെ. പാണ്ടിക്കാട് എന്നിവരും കൂടി സുബൈറിനുള്ള സഹായം സ്വരൂപിക്കുകയായിരുന്നു.

സഹായധന വിതരണത്തില്‍ സലിം കൂട്ടായ്, ഹംസ എലന്‍കുളങ്ങര അലനല്ലൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. സുബൈര്‍ സൌദിയ വിമാനത്തില്‍ ഓഗസ്റ് 31ന് നാട്ടിലെത്തി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ തുടര്‍ ചികില്‍സക്കുവേണ്ടി അഡ്മിറ്റ് ചെയ്യപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍