ഡബ്ളിനില്‍ ബൈബിള്‍ കലോല്‍സവം സെപ്റ്റംബര്‍ 28 ന്
Monday, September 1, 2014 7:25 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോല്‍സവം സെപ്റ്റംബര്‍ 28 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ഏഴു വരെ ആഘോഷിക്കുന്നു. ബൂമൌണ്ട് ആര്‍ട്ടൈന്‍ ഹാളിലാണ് പരിപാടി.

ഡബ്ളിന്‍ സീറോ മലബാര്‍ സഭക്ക് ഡബ്ളിനില്‍ 9 സെന്ററുകളാണുള്ളത്. ഈ ഒമ്പത് സെന്ററുകളെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ബൈബിള്‍ കലാവിരുന്നാണ് ബൈബിള്‍ കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ സെന്ററിനും 20 മിനിട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ നല്‍കിയിരിക്കുന്നത്. നൂറു കുടുംബങ്ങളില്‍ കൂടുതലുള്ള മാസ് സെന്ററുകള്‍ക്ക് ആവശ്യമെങ്കില്‍ 30 മിനിട്ട് വരെ ഉപയോഗിക്കാവുന്നതാണ്.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയിലെ വളര്‍ന്നുവരുന്ന പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്. ജൂണിയര്‍ സെര്‍ട്ട്, ലീവിംഗ് സെര്‍ട്ട് എന്നിവയില്‍ ഹയര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ തദവസരത്തില്‍ ആദരിക്കും. ലിവിംഗ് സെര്‍ട്ടില്‍ 500 ഉം അതിനുമുകളില്‍ പോയിന്റ്സ് ജൂണിയര്‍ സെര്‍ട് ഹയര്‍ ഗ്രേയ്ഡില്‍ 5 ഉം അതിനു മുകളില്‍ എ പ്ളസ് നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സീല്‍ ചെയ്ത കവറില്‍ പോസ്റിലോ, കൈവശമായോ സീറോ മലബാര്‍ ചാപ്ളൈന്‍സിനെ ഏല്‍പ്പിക്കണമെന്ന് അറിയിച്ചു.

ബൈബിള്‍ കലോല്‍സവത്തിലും പങ്കുചേര്‍ന്ന് കൂട്ടായ്മയില്‍ ആഴപെടാനും ദൈവ ഐക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 28 ന് ബുമൊണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ഡബ്ളിന്‍ ചാപ്ളൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ടിബി മാത്യു