റോഡ് മുറിച്ച് കടക്കവെ മലയാളി യുവാവ് കാറിടിച്ച് മരിച്ചു
Monday, September 1, 2014 4:39 AM IST
റിയാദ്: റിയാദ് ദമാം ഹൈവേയില്‍ എക്സിറ്റ് എട്ടിന് സമീപം ഉണ്ടായ റോഡപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറ മാങ്കോട് കാരിച്ചിറ സ്വദേശി റിന്‍ഷാദ് (37) ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് തിരക്കുള്ള ഹൈവേ മുറിച്ചു കടക്കുന്നതിനിടെയാണ് കാറിടിച്ച് മരണമടഞ്ഞത്.

ടൂ ഇന്‍ വണ്‍ റെസ്റ്റോറന്റ് ശൃംഖലയില്‍ വെയിറ്ററായി ജോലി ചെയ്യുന്ന റിന്‍ഷാദ് ഡ്യൂട്ടി കഴിഞ്ഞ് കടയില്‍ നിന്നും താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം. അഞ്ച് വര്‍ഷമായി റിന്‍ഷാദ് ടൂ ഇന്‍ വണ്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്ത് വരുന്നു.

മൃതദേഹം ഡോ. അഹ്മദ് അബ്നോമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കാരിച്ചിറ അബ്ദുല്‍ റഷീദിന്റേയും ജുമൈലയുടേയും മകനാണ്. ഭാര്യ: ശാനിഫ. ഷാഹിദ്, ഷാഹിന എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍