അരിസോണയില്‍ ഓണാഘോഷം ഓഗസ്റ് 31 ന്
Saturday, August 30, 2014 8:25 AM IST
ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍ ഓഗസ്റ് 31 ന് അരിസോണയില്‍ വിപുലമായി ഓണം ആഘോഷിക്കുന്നു. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വേണു ഗോപാല്‍ നായര്‍ അറിയിച്ചു.

രാവിലെ 11 ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ഓണാഘോഷത്തിന് ഇന്തോ-അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ വേദിയാകും. രണ്ടുമണിയോടെ ആരംഭിക്കുന്ന കലാ,സാംസ്കാരിക സമ്മേളനം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) പ്രസിഡന്റ് ടി.എന്‍. നായര്‍ നിര്‍വഹിക്കും.

കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന വിവിധ കലാസാംസ്കാരിക പരിപാടികളാല്‍ സമ്പുഷ്ടമായിരിക്കും ഓണാഘോഷം. കേരളത്തിന്റെ തനതായ രുചികൂട്ടുകളാല്‍ ഇരുപത്തിമൂന്നിലധികം വിഭാവങ്ങളോടുകൂടിയ ഓണസദ്യ ഒരുക്കുന്നത് കൃഷ്ണ കുമാര്‍ പിള്ള, ഗിരിഷ് ചന്ദ്രന്‍, വേണുഗോപാല്‍, സുരേഷ് കുമാര്‍, ശ്രീകുമാര്‍ കൈതവന എന്നിവരുടെ മേല്‍നോട്ടത്തിലാണ്. അത്തപൂക്കളം ഒരുക്കി മുത്തുകുട, വഞ്ചിപാട്ട്, വാദ്യമേളം, എന്നിവയുടെ അകമ്പടിയോടു കൂടി താലപ്പൊലിയേന്തിയ അംഗനമാര്‍ മാവേലി മന്നനെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് കേരളത്തിന്റെ തനതായ കലാരൂപങ്ങളായ കളരി പയറ്റ്, വള്ളംകളി, കാവിടിയാട്ടം, പുലികളി, മലയാളി മങ്ക എന്നിവ പ്രദര്‍ശിപ്പിക്കും. പ്രസിദ്ധമായ ആറന്മുള വഞ്ചി പാട്ട്, ചെണ്ടമേളം, തിരുവാതിര, ഗാനങ്ങള്‍, നൃത്തനിര്‍ത്യങ്ങള്‍ എന്നിവ ആഘോഷത്തെ കൂടുതല്‍

വര്‍ണാഭമാക്കും. ആഘോഷപരിപാടികള്‍ക്ക് സുരേഷ് നായര്‍, ദിലീപ് പിള്ള, ശ്യം രാജ്, ഡോ. ഹരികുമാര്‍ കളീക്കല്‍, ശ്രീപ്രസാദ്, പ്രസീദ്, രാജേഷ്, വിജേഷ് വേണുഗോപാല്‍, ജിജു അപ്പുകുട്ടന്‍, ഗിരിജ മേനോന്‍, സ്മൃതി ജ്യോതിഷ്, എന്നിവര്‍ നേതൃത്വം നല്‍കും.

ഇതിന്റെ വിജയകരമായ നടത്തിപ്പിലേക്ക് അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു നായര്‍ 4803009189, രാജേഷ് ബാബ 6023173082.