സൌഹൃദ വേദിയുടെ ഓണാഘോഷ പരിപാടികളില്‍ കൊല്ലം തെല്‍മ പങ്കെടുക്കും
Saturday, August 30, 2014 8:25 AM IST
ഡാളസ്: മറുനാടന്‍ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരി കൊല്ലം തെല്‍മ സെപ്റ്റംബര്‍ 20 ന് (ശനി) നടക്കുന്ന ഡാളസ് സൌഹൃദ വേദിയുടെ ഈവര്‍ഷത്തെ ഓണാഘോഷ പാരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് എബി തോമസിന്റെ ആധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സെക്രട്ടറി അജയകുമാര്‍ സ്വാഗതം നേരും. പ്രസ്തുത സമ്മേളനത്തില്‍ ഡാളസിലെ കലാ,സാംസ്കാരിക മേഖലകളില്‍ തിളങ്ങി ശോഭിക്കുന്ന ഏബ്രഹാം തെക്കേമുറി, പ്രവസി മലയാളി സ്നേഹികളായ ഹരിപിള്ള സിപിഎ, ഫിലിപ്പ് തോമസ് സിപിഎ, ജോണ്‍സണ്‍ (ഏയ്ഞ്ചല്‍ ട്രാവല്‍സ്) എന്നിവര്‍ ഓണാശംസകള്‍ നേരും.

ഡാളസ് മലയാളികളുടെ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന ഡാളസ് സൌഹൃദ വേദി വളരെ പുതുമ നിറഞ്ഞ കലാപരിപാടികളുമായിട്ടാണ് ഈ വര്‍ഷം ഓണം ആഘോഷിക്കുക. വൈവിധ്യവും ഹാസ്യാസ്പദവുമായ കലാപരിപാടികളുടെ ശൃംഖല തന്നെ ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി അജയകുമാര്‍, വനിതാ സമന്വയാധികാരി സുനിത ജോര്‍ജ് എന്നിവര്‍ അറിയിച്ചു. റിഥം സ്കൂള്‍ ഓഫ് ഡാളസിലെ വിദ്യാര്‍ഥികളുടെ കുട്ടികളുടെ ഏറ്റവും പുതുമയേറിയ നൃത്ത പ്രകടങ്ങള്‍ സ്റ്റേജില്‍ അരങ്ങേറുമെന്ന് സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് അറിയിച്ചു.

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ജാതി മത ഭേദമെന്യേ ഡാളസിലുള്ള പ്രവാസി മലയാളികള്‍ക്കുവേണ്ടി കാരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് നടക്കുക.

രാവിലെ 9.30 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ 2.30 ന് സമാപിക്കും. ആഘോഷ പരിപാടികള്‍ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്െടന്ന് സുകു വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ